മരടിലെ ഫ്ലാറ്റ് ഒഴിപ്പക്കല്‍ നടപടിയുമായി നഗര സഭ മുന്നോട്ട്

MARADU

പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റുകളിലെ താമസക്കാര്‍ സമരം തുടരുന്നതിനിടയില്‍ ഒഴിപ്പക്കല്‍ നടപടിയുമായി മരട് നഗര സഭ മുന്നോട്ട്.പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭയെ അറിയിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി എത്തിയ സെക്രട്ടറിയെ ഫ്‌ളാറ്റുടമകള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് മതിലില്‍ നോട്ടീസ് ഒട്ടിച്ച് സെക്രട്ടറി മടങ്ങി.ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകളുടെ നേതൃത്വത്തിലുള്ള സമരം നടന്നുവരുന്ന ഹോളി ഫെയ്ത് എച് ടു ഒ ഫ്‌ളാറ്റിലെത്തിയപ്പോഴാണ് സെക്രട്ടറിക്കു നേരെ പ്രതിഷേധം ഉണ്ടായത്.ഫ്‌ളാറ്റിനുള്ളില്‍ പ്രവേശിക്കാന്‍ സെക്രട്ടറിയെ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് മതിലില്‍ നോട്ടീസ് ഒട്ടിച്ച് സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ മടങ്ങുകയായിരുന്നു.ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നതിനിടയിലാണ് നഗരസഭ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഇതാണ് ഫ്ളാറ്റുടമകളെ പ്രകോപിതരാക്കിയത്.ആല്‍ഫാ വെഞ്ചേഴ്‌സ്,ഗോള്‍ഡന്‍ കായലോരം,ഹോളി ഫെയ്ത് എച്ച് ടു ഒ,ജെയിന്‍ ഹൗസിംഗ്,ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കെട്ടിടങ്ങളിലെ അന്തേവാസികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ അഡീഷല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചികരിക്കുന്നു.ഇതു പ്രകാരം അടിയന്തരമായി താല്‍ക്കാലിക പുനരധിവാസം ആവശ്യമുള്ള അന്തേവാസികള്‍ നിര്‍ദിഷ്ട പ്രഫോര്‍മയില്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിക്കുന്നതായി നോട്ടീസില്‍ വ്യക്തമാക്കുന്നു. നാളെ വൈകുന്നേരം മൂന്നു മണിക്കുള്ളില്‍ പ്രഫോര്‍മ പൂരിപ്പിച്ച് മരട് നഗരസഭാ ഓഫിസില്‍ നേരിട്ടോ രേഖാമൂലമോ അറിയിക്കണമെന്നും ഇത് ചെയ്യാത്തവര്‍ക്ക് താല്‍ക്കാലിക പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തില്‍ നഗരസഭ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇക്കാര്യത്തില്‍ മറ്റൊരറിയിപ്പുണ്ടാകില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.എന്നാല്‍ തങ്ങള്‍ ഫ്‌ളാറ്റില്‍ നിന്നും ഒഴിയില്ലെന്നും പിന്നെന്തിനാണ് തങ്ങള്‍ക്ക് പുനരധിവാസമെന്നുമാണ് ഫ്‌ളാറ്റുടമകള്‍ ചോദിക്കുന്നത്.നാളെ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നഗരസഭയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല.തങ്ങള്‍ തങ്ങളുടെ വീടുകള്‍ വിട്ടൊഴിയില്ലെന്നും ഫ്‌ളാറ്റുടമകള്‍ പറയുന്നു.