കശ്‌മീരില്‍ എല്ലാം ശാന്തമെന്ന്‌ കേന്ദ്രസര്‍ക്കാര്‍

kashmir snow

കശ്‌മീരില്‍ എല്ലാം ശാന്തമെന്ന്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. താഴ്‌വരയില്‍ ടെലിഫോണ്‍ ബന്ധം 100 ശതമാനം പുനഃസ്ഥാപിച്ചതായും വിവരങ്ങളുടെ സുഗമമായ കൈമാറ്റത്തിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമസമാധാനം മുന്‍നിര്‍ത്തി ചില മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്‌. അതെല്ലാം ഘട്ടംഘട്ടമായി പിന്‍വലിച്ചുവരികയാണ്‌. ശ്രീനഗറില്‍നിന്ന്‌ നിരവധി പത്രങ്ങള്‍ തടസ്സമില്ലാതെ പ്രസിദ്ധീകരിക്കുന്നുണ്ട്‌. ദേശീയ ദിനപത്രങ്ങള്‍ താഴ്‌വരയില്‍ വിതരണം ചെയ്യുന്നുണ്ട്‌. ആഗസ്‌ത്‌ ഏഴിന്‌ മീഡിയാ സെന്റര്‍ തുറന്നു. ഇവിടെ ടെലിഫോണ്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌, പ്രിന്റര്‍ സൗകര്യങ്ങളുണ്ട്‌. രാവിലെ എട്ടുമുതല്‍ രാത്രി 11 വരെ ഈ സൗകര്യം ലഭ്യമാണ്‌. ചാനലുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌.

ആരോഗ്യസേവനങ്ങളും സാധാരണ നിലയിലാണ്‌. കശ്‌മീരിലെ ആശുപത്രികളില്‍ സെപ്‌തംബര്‍ 15 വരെ 10.52 ലക്ഷം രോഗികള്‍ ഒപിയില്‍ ചികിത്സ തേടി. കിടത്തിച്ചികിത്സാ വിഭാഗത്തില്‍ 67,196 പേര്‍ ചികിത്സ തേടി. സിസേറിയനടക്കം പതിനായിരത്തിലേറെ ശസ്‌ത്രക്രിയകള്‍ നടന്നു. മരുന്നുകളും ആവശ്യത്തിന്‌ ലഭ്യമാണ്‌.

കുടിവെള്ള വിതരണവും വൈദ്യുതിബന്ധവും സാധാരണ നിലയില്‍ തുടരുന്നു. ഭക്ഷ്യവസ്‌തുക്കള്‍, എല്‍പിജി, പെട്രോള്‍, ഡീസല്‍ തുടങ്ങിയ അവശ്യവസ്‌തുക്കളുടെ മൂന്നുമാസത്തെ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്‌. കശ്‌മീരില്‍ 97 ശതമാനം സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. സര്‍ക്കാര്‍ ഓഫീസുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു– സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ പറഞ്ഞു.