വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ വിജയിച്ചു. 23310 വോട്ടിന്റെ ഭൂരിപക്ഷമാണ് ഖാദര്‍ നേടിയത്. 652227 വോട്ട് യുഡിഎഫും, 41917 വോട്ട് എല്‍ഡിഎഫും നേടി. എസ്ഡിപിഐ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്താണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി 5728 വോട്ട് നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നോട്ടയ്ക്ക് 502 വോട്ടുകളും ലീഗ് വിമതനായി മത്സരിച്ച കെ ഹംസ 442 വോട്ടും നേടി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചതിനേക്കാള്‍ പകുതിയായി യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. പരമ്പരാഗത യുഡിഎഫ് ബൂത്തുകളില്‍ പോലും എല്‍ഡിഎഫിന്റെ വോട്ടുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ട് എല്‍ഡിഎഫ് നേടിയിരുന്നു.
അഡ്വ. പി പി ബഷീര്‍ (എല്‍ഡിഎഫ്), അഡ്വ. കെ എന്‍ എ ഖാദര്‍ (യുഡിഎഫ്), കെ ജനചന്ദ്രന്‍ (എന്‍ഡിഎ), ലീഗ് വിമതന്‍ അഡ്വ. കെ ഹംസ, അഡ്വ. കെ സി നസീര്‍ (എസ്ഡിപിഐ), ശ്രീനിവാസ് (സ്വതന്ത്രന്‍) എന്നിവരാണ് മത്സരിച്ചത്. ഈമാസം പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 1,22,610 പേരാണ് വോട്ടുചെയ്തത്. 72.12 ശതമാനം പോളിങ്.