പമ്പയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ബുധനാഴ്ച തുറക്കാനിരിക്കേ പമ്പയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. നിലയ്ക്കലിൽ ഒരു വിഭാഗം ഭക്തര്‍ വാഹനങ്ങള്‍ തടയുകയും യുവതികളുണ്ടോയെന്നു പരിശോധന നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈകീട്ടോടെ തന്നെ പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും വൻ തോതില്‍ പൊലീസിനെ വിന്യസിക്കാൻ തീരുമാനിച്ചത്.നിലയ്ക്കലും പരിസര പ്രദേശങ്ങളിലും പ്രതിഷേധങ്ങൾ ശക്തമായതോടെ പൊലീസ് ആസ്ഥാനത്തെ എഡിജിപി അനില്‍ കാന്തിനോട് ഉടന്‍ നിലയ്ക്കലിലേക്ക് പോകാന്‍ ഡിജിപി നിര്‍ദേശിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം നിലയ്ക്കലില്‍ എത്തും. വൈകുന്നേരത്തോടെ കൂടുതൽ വനിതാ പൊലീസുകാരും നിലയ്ക്കലില്‍ എത്തും. ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർക്കും കെഎസ്ആർടിസി ബസുകൾക്കും പൂർണ സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ പൊലീസ് വിന്യാസം പൂര്‍ത്തിയാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.