Friday, April 19, 2024
HomeKeralaതമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരളത്തിൽ

തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരളത്തിൽ

ഗജ ചുഴലിക്കാറ്റ് കേരളത്തിൽ. തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരള തീരത്ത് എത്തിച്ചേര്‍ന്നു. തമിഴ്‌നാട്ടില്‍ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. “ആനയുടെ ശക്തിയുള്ള കാറ്റ്” എന്ന അര്‍ഥത്തില്‍ “ഗജ” എന്നാണ് കാറ്റിന് പേരിട്ടത്. സംസ്‌കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം.

ചുഴലികാറ്റിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ കനത്തമഴയും ഉരുള്‍പൊട്ടലും ഉണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. വട്ടവട-പഴത്തോട്ടം, കോവിലൂര്‍-പഴത്തോട്ടം, കൊട്ടാക്കമ്ബൂര്‍-കോവിലൂര്‍, പഞ്ചനാട്ട് പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 3 വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോവിലൂര്‍ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. മാട്ടുപ്പെട്ടി ഡാമില്‍ ബോട്ടിംഗ് നിര്‍ത്തിവെച്ചു. പ്രദേശത്തെ റോഡില്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുതലപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും പെയ്‌തുകൊണ്ടിരിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നാറില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

ചുഴലിക്കാറ്റായി തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചത്. എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്‍റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുമുണ്ട്. എല്ലാ താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിനാല്‍ മൽസ്യത്തൊഴിലാളികൾ ഇന്ന് മുതൽ ഈ മാസം 20വരെ അറബിക്കടലിലും കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ പോയവരോട് എത്രയും വേഗം സുരക്ഷിത തീരത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ശക്തമായ കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ മരങ്ങളുടെ കീഴില്‍ പാര്‍ക്ക് ചെയ്യരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള സ‍ഞ്ചാരം ഒഴിവാക്കണം. ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരവും വിലക്കി. നദീതീരങ്ങളില്‍ താമസിക്കുന്നവരും നേരത്തെ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ശക്തമായ കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ നവംബര്‍ 16 വൈകുന്നേരം മുതല്‍ നവംബര്‍ 20 വരെ അറബിക്കടലിലും, കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകരുതെന്നും അറിയിപ്പില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments