മതപരിവര്‍ത്തനം നടത്താന്‍ താല്‍പര്യമുള്ളയാള്‍ രേഖാമൂലം അറിയിക്കണം- രാജസ്ഥാന്‍ ഹൈക്കോടതി

rajasthan high court

മതപരിവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍  പുറപ്പെടുവിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. കലക്ടര്‍, എസ്ഡിഎം, എസ്ഡിഒ എന്നിവരുടെ ക്ലിയറന്‍സ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോധ്പുര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മതപരിവര്‍ത്തനം നടത്താന്‍ താല്‍പര്യമുള്ളയാള്‍ കലക്ടറെ അത് രേഖാമൂലം അറിയിക്കണം. ഇതില്‍ മതപരിവര്‍ത്തനം നടത്തുന്നയാളുടെ പേര്, വിലാസം, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ഇത് കലക്ട്രേറ്റിലെ  നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കലക്ടര്‍ക്ക് അപേക്ഷ നല്‍കി 21 ദിവസത്തിനുശേഷം അപേക്ഷിച്ചയാള്‍ ജില്ലാ മജിസ്ട്രേറ്റിന്, എസ്ഡിഎം, എസ്ഡിഒ എന്നിവരുടെ മുമ്പില്‍ ഹാജരായി മതപരിവര്‍ത്തനത്തിനുളള കാരണം അറിയിക്കണം. മതപരിവര്‍ത്തനത്തിനുളള എതിര്‍പ്പും ഈ ഘട്ടത്തില്‍ രേഖപ്പെടുത്താമെന്ന് കോടതി നിര്‍ദേശിക്കുന്നു. ഈ നടപടികളൊന്നും സ്വീകരിക്കാതെ മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം അസാധുവായിരിക്കുമെന്നും കോടതി വ്യക്തമാക്കി. പത്ത് രൂപ സ്റ്റാമ്പ് പേപ്പറിലാണ് മതപരിവര്‍ത്തന അറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ സ്റ്റാമ്പ് പേപ്പറിലുള്ള അറിയിപ്പിന് നിയമപരമായി സാധുതയില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പതിനൊന്ന് വര്‍ഷത്തോളമായി തീരുമാനമാകാതെ കിടക്കുന്ന രാജസ്ഥാന്‍ ധര്‍മ്മ സ്വാതന്ത്ര്യ ബില്‍ നടപ്പിലാകുന്നത് വരെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. ജഡ്ജിമാരായ ജി കെ വ്യാസ്, വി കെ മാത്തൂര്‍ എന്നിവരുടെ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.