കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിയ 15 പേരിൽ ഒരാളുടെ മൃതശരീരം കണ്ടെത്തി

deadbody

മേഘാലയയിലെ ‘എലിമാള’ ഖനികള്‍ക്കുള്ളില്‍ കുടുങ്ങിയ പതിനഞ്ച് ഖനിത്തൊഴിലാളികളില്‍ ഒരാളുടെ മൃതശരീരം കണ്ടെത്തിയതായി നാവികസേനയുടെ വെളിപ്പെടുത്തല്‍. 35 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ 200 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പതിനാല് പേരുടെ ശരീരങ്ങള്‍ എവിടെയെന്ന അന്വേഷണത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. കഴിഞ്ഞ ഡിസംബര്‍ 13 നാണ് ജയന്തിയ മലനിരകളിലെ കല്‍ക്കരി ഖനിക്കുള്ളില്‍ പതിനഞ്ച് ഖനിത്തൊഴിലാളികള്‍ കുടുങ്ങിയത്. ഒരു മാസത്തിലേറെയായി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാവികസേനാ വക്താവ് ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത അറിയിച്ചത്.തൊട്ടടുത്ത നദിയില്‍ നിന്നും ഖനിക്കുള്ളില്‍ വെള്ളം നിറഞ്ഞ് ​ഗുഹാമുഖം അടഞ്ഞു പോയതിനാലാണ് തൊഴിലാളികള്‍ ഇതിനുള്ളില്‍‌ കുടുങ്ങിപ്പോയത്. നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോ​ഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപ്പറേറ്റഡ് വെ​​ഹിക്കിള്‍ ഉപയോ​ഗിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുന്നത്. നദിയില്‍ നിന്നും വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാണെന്ന് നാവിക സേന വ്യക്തമാക്കിയിരുന്നു. കോയല്‍ ഇന്ത്യ, ഇന്ത്യന്‍ നാവിക സേന, ദേശീയ ദുരന്തനിവാരണ സേന, ഒഡീഷ ഫയര്‍ സര്‍വ്വീസ്, കിര്‍ലോസ്കര്‍ കമ്ബനി എന്നിവര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ‘അത്ഭുതം സംഭവിക്കുമെന്ന വിശ്വാസത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുക’യെന്നായിരുന്നു സുപ്രീം കോടതി ഈ ദുരന്തത്തെക്കുറിച്ച്‌ പ്രതികരിച്ചത്. തായ്ലന്റ് ​ഗുഹയില്‍ അകപ്പെട്ട് പോയ 12 കുട്ടികളെ രക്ഷപ്പെടുത്തിയ അതേ സൈന്യമാണ് മേഘാലയയിലും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. അനധികൃതമായിട്ടാണ് ഈ കല്‍ക്കരി ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഖനിയില്‍ കുടുങ്ങിയവരില്‍ മൂന്നുപേര്‍ മാത്രമാണ് മേഘാലയക്കാര്‍. ബാക്കിയുള്ളവര്‍ അസം സ്വദേശികളാണ്.