സീനിയോറിറ്റി മറികടന്ന് രണ്ടു ജഡ്ജിമാര്‍ സുപ്രീംകോടതിയിലേക്ക് ; കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി

supreme court

കൊളീജിയത്തിന്‍റെ ആദ്യ ശുപാർശയും സീനിയോറിറ്റിയും മറികടന്ന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ഇതിനെതിരെ മുന്‍ ജഡ്ജിമാരും അഭിഭാഷകരും ഉയര്‍ത്തിയ എതിര്‍പ്പ് പാടേ അവഗണിച്ചു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഡല്‍ഹി ഹൈക്കോടതി ജ‍ഡ്ജി സഞ്ജീവ് ഖന്ന എന്നിവരുടെ നിയമനത്തിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയത്. നിയമനം സംബന്ധിച്ചു കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനവും ഇറക്കി. ജനുവരി 10-നു ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ഇവരുടെ പേരുകള്‍ ശുപാർശ ചെയ്തിരുന്നത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് രാജേന്ദ്ര മേനോന്‍റെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിന്‍റെയും സീനിയോറിറ്റി മറികടന്നാണ് ഇവരുടെ പേരുകള്‍ ശുപാർശ ചെയ്തതെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും മുന്‍ സുപ്രീംകോടതി ജഡ്ജി കൈലാഷ് ഗംഭീര്‍ രാഷ്ട്രപതിക്കും കത്തുകള്‍ അയച്ചിരുന്നു. തീരുമാനത്തിനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു. കൊളീജിയം തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ പ്രതിഷേധധര്‍ണ നടത്തുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.കെ. മിശ്ര പറഞ്ഞു.