ലഹരിക്കെതിരെ പടയൊരുക്കം ഉദ്ഘാടനം ചെയ്തു

യുവാക്കളിലും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന വിവിധ തരം ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ വിമുക്തിയുടെ സഹകരണത്തോടും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ‘ലഹരിക്കെതിരെ പടയൊരുക്കം’ എന്ന പദ്ധതിയും ചേര്‍ത്ത് നടത്തുന്ന ലഹരി വിരുദ്ധപരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വ്വഹിച്ചു. ഒരു വര്‍ഷം കൊണ്ട് അഞ്ച് ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ്, ടെക്കിനിക്കല്‍ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാല തലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നുത്.  പദ്ധതിയുടെ അവസാനഘട്ടത്തില്‍ ബ്ലോക്ക് പരിധിയിലുള്ള 2000 വിദ്യാര്‍ഥികളേയും, യുവാക്കളേയും പങ്കെടുപ്പിച്ചികൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയെടുപ്പിക്കുകയും, അവരെ മദ്യത്തിനെതിരെ പ്രവര്‍ത്തന സജ്ജരാക്കുകയുമാണ് ലഹരിക്കെതിരെ പടയൊരുക്കം എന്ന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ ശിവരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍.വി.തോമസ്, സാലി തോമസ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേണുകുട്ടന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റ്റി.അലക്സാണ്ടര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ എ.എന്‍ യമുന എന്നിവര്‍ പ്രസംഗിച്ചു.  എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.പി പ്രഭാകരന്‍പിള്ള ക്ലാസെടുത്തു. എം.എസ് മധുവും സംഘവും അവതരിപ്പിച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനത്തെ ആസ്പദമാക്കി നടത്തിയ കാക്കാരിശ്ശി നാടകം ഏറെ ശ്രദ്ധേയമായി.