സന്നിധാനത്ത് ഭക്തജനത്തിരക്ക്; ദര്‍ശനം 20 വരെ മാത്രം നെയ്യഭിഷേകം 19ന് അവസാനിക്കും

മകരവിളക്കിന് ശേഷവും സന്നിധാനത്തേക്ക് ഭക്തജനതിരക്ക് വര്‍ധിച്ചു. ഇന്നലെ പുലര്‍ച്ചെ നടതുറക്കുമ്പോഴും തീര്‍ഥാടകരുടെ ക്യൂ നടപ്പന്തല്‍ പിന്നിട്ടിരുന്നു. പൊങ്കല്‍ ആഘോഷത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരുടെ ഗണ്യമായ വര്‍ധനവാണ് അനുഭവപ്പെടുന്നത്. ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളിലെ അയ്യപ്പന്‍മാരും ദര്‍ശനത്തിന് എത്തുന്നുണ്ട്. ജനുവരി 20ന് ഹരിവരാസനം ചൊല്ലി നടയടക്കുന്നതോടെ മണ്ഡല-മകരവിളക്ക് കാലത്തെ ഭക്തര്‍ക്കായുള്ള ദര്‍ശനം അവസാനിക്കും. 21 ന് രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. 19ന് രാവിലെ 9.30 ഓട് കൂടി നെയ്യഭിഷേകം അവസാനിക്കും. തുടര്‍ന്ന് കളഭാഭിഷേകം നടക്കും.