കലാഭവന്‍ മണിയുടെ ദുരൂഹ മരണം; സഹോദരന്‍ രാമകൃഷ്ണന്‍ വീണ്ടും രംഗത്തെത്തി

kalabahavan Mani

കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന്റെ പിന്നിലെ സത്യം തെളിയിക്കാന്‍ മരണം വരെ പോരാടുമെന്ന്വെല്ലിവിളിച്ചു മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വീണ്ടും രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സര്‍ക്കാരിനേയും സിനിമ-മാധ്യമലോകത്തിനെതിരെയും ആഞ്ഞടിച്ചത്. കൊച്ചിയില്‍ നടിക്കെതിരെയുണ്ടായ ആക്രമണത്തില്‍ അവര്‍ക്ക് നല്‍കിയ പിന്തുണ പോലും ഞങ്ങളുടെ മണിച്ചേട്ടനു കിട്ടിയില്ല. അതേസമയം മരണത്തിന്റെ പിന്നിലെ സത്യം അന്വേഷിച്ച് ഇറങ്ങിയ മണിച്ചേട്ടന്റെ കുടുംബത്തിനും മറ്റുള്ളവര്‍ക്കും നേരെ സംശയത്തിന്റെ കണ്ണുകളാണ് ഉയരുന്നതെന്നും രാമകൃഷ്ണന്‍ പറയുന്നു

ഫേസ്ബുക് പോസ്റ്റ് ചുവടെ ചേർക്കുന്നു
“മണി ചേട്ടൻ മരിച്ചതിനു ശേഷം നിരവധി ആളുകൾ ചോദിച്ച രണ്ട് ചോദ്യങ്ങൾ ഉണ്ട് കേസിന്റെ കാര്യങ്ങൾ നോക്കാൻ സർക്കാരും, സിനിമാ മേഘലയിലെ ആളുകളും വരുന്നുണ്ടോ എന്ന്?പ്രത്യേകിച്ച് ഒരു നടിയുടെ കേസ് കഴിഞ്ഞതിനു ശേഷം ആളുകൾ രോഷാകുലരായി ചോദിച്ചു എന്താ മണി ചേട്ടന്റെ കാര്യത്തിൽ ഇവർ വേണ്ടത്ര ഉത്സാഹം കാണിക്കാത്തത് എന്ന്? ഒരു കൂടപിറപ്പ് എന്ന നിലയിൽ പറയുകയാണ് പ്രിയ കലാഭവൻ മണി സ്നേഹിതരെ:…ഇത് നമ്മുടെ വിധിയായിരിക്കാം. സിനിമാ മേഘലയിൽ പ്രവർത്തിക്കുന്നവർ ഒരു പക്ഷെ നല്ല തിരക്കിലായിരിക്കാം., അല്ലെങ്കിൽ വിഷമം കൊണ്ടായിരിക്കാം ഈക്കാര്യത്തെ ഒറിച്ച് അന്വേഷിക്കാത്തത്. എന്നാലും ഇവരോടെല്ലാം ഒരപേക്ഷയുണ്ട്. സ്നേഹിച്ചിലേലും ഉപദ്രവിക്കരുത്. മലയാള സിനിമയിലെ ഒരുതാരം ചെയർമാനായ ചാനലിൽ ഞങ്ങളുടെ കുടുംബത്തെ പ്രത്യേകിച്ച് ,ഈ മരണത്തെ കുറിച്ച് അന്വേഷിച്ചിറങ്ങിയ സഹോദരനെ അടച്ച് ആക്ഷേപിക്കുന്ന രീതിയിൽ ഈ കേസിലെ സംശയിക്കപ്പെടുന്നവരെ ഉൾപ്പെടുത്തി കൊണ്ട് ആക്ഷേപഹാസ്യ പരിപാടികൾ നടത്തിയത് കണ്ടു കാണും.കലാഭവൻ മണിയെ വിറ്റ് ചാനലിന്റെ റേറ്റിങ്ങ് കൂട്ടുന്ന ഇവറ്റകൾക്ക് കുടുംബവും കൂടപിറപ്പുകളും ഉണ്ടാവുമോ ആവോ? അവർക്കാണ് ഈ ഗതി വന്നതെങ്കിൽ എന്തായിരിക്കും ഇവരുടെ പ്രതികരണം? ഇതിനായി മലയാള സിനിമയിലെ മറ്റൊരു സ്ത്രീ കഥാപാത്രം ചോദ്യങ്ങളുമായി അവതാരകയായി നിലകൊണ്ടു.ഇത് ഇവർക്ക് ചേർന്ന പരിപാടിയാണോ? അല്ല അവർക്ക് കൂടുബം ഉണ്ടെങ്കിലല്ലെ ഇതിന്റെ വേദന അറിയൂ. ഈ പറഞ്ഞ ആളുകൾ നടിയുടെ കേസ് വന്നപ്പോൾ ഊണും ഉറക്കവും കളഞ്ഞെങ്കിലും മേക്കപ്പ് വാരിതേച്ച് ഘോര ഘോര പ്രസംഗം നടത്തിയതും നമ്മൾ കണ്ടു. കൂട്ടത്തിൽ “അമ്മ”യുടെ സംരക്ഷകനായ നിഷ്കളങ്കനായ അച്ഛനും ?ഉണ്ടായിരുന്നു. ഈ കേസ് നല്ല രീതിയിൽ അന്വേഷിച്ച് കണ്ടെത്തും എന്ന് വിശ്വാസം അർപ്പിച്ച ഭരണം എന്തുകൊണ്ട് മൗനം പാലിക്കുന്നു? കേസ് C. Bi യെ കൊണ്ട് അന്വേഷിപ്പിക്കും എന്ന് പറയുകയും അതേ സമയം പോലീസിനെ കൊണ്ട് അന്വേഷിപ്പിച്ച് തെളിവുകൾ നശിപ്പിച്ച് C. B iയെ കൊണ്ട് ഏറ്റെടുപ്പിക്കാത്ത വിധത്തിൽ ആക്കാൻ ഉപദേശം കൊടുത്ത ഉപദേശകൻ ആരായിരിക്കും.? കേരളത്തിലെ മറ്റൊരു കേസിലൂം സംശയിക്കപ്പെടുന്നവർക്ക് ഇതുപോലെ അവസരം ഉണ്ടാക്കി കൊടുത്ത സംഭവം ഉണ്ടായിരിക്കില്ല. ഇതിന്റെ പിന്നിലെ ഉപദേശകനും ഒരാൾ തന്നെയായിരിക്കും അല്ലെ !മറ്റൊരു പരിപാടി കിട്ടിയില്ലെങ്കിൽ കലാഭാവൻ മണിയുടെ കുടുംബത്തെ പീഡിപ്പിക്കുന്ന പരിപാടി ഉണ്ടാക്കാൻ കലാഭവൻ മണിയുടെ കൂടെ നിന്ന് ഉപ്പും ചോറും ഉണ്ടവർ കയറ്റി ഇരുത്തി കുടുംബത്തിനെതിരെ കാണിക്കുന്ന കോപ്രായങ്ങളും നമ്മൾ കണ്ടു. നന്ദികെട്ട ഇവറ്റകൾക്ക് ഇപ്പോ വേറെ ജോലിയും പണിയും ഇല്ല’;കട്ട് തിന്നത് ഇപ്പോൾ ചർദ്ദിച്ച് തിന്നുകയാണിപ്പോൾ ഇവറ്റകൾ. കേരളത്തിലെ മറ്റൊരു കുടുംബത്തിനും സമുദായത്തിനും ഇങ്ങനെയൊരു ഗതി ഉണ്ടായിട്ടുണ്ടാവില്ല. ഈപീ ഢനം എന്തിനു വേണ്ടി ആയിരിക്കും?ഒരു കാര്യം പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ഓർക്കുക ഇന്ന് ഞങ്ങൾക്കാണെങ്കിൽ നാളെ നിങ്ങൾക്കായിരിക്കും ഈ വിധി. ഇന്നത്തെ താരങ്ങൾ നാളെ ആരും അല്ലാ, ഇന്നത്തെ ന്യൂസ് പേപ്പർ ആണ് നാളത്തെ വേസ്റ്റ്!നമ്മുടെ കൺമുൻപിൽ എത്രയോ പഴയ താരങ്ങൾ ഉണ്ട് ഇതിനുദാഹരണമായി. ഒരു നിമിഷം മിന്നുന്ന ഫ്ലാഷ് വെളിച്ചത്തിന്റെ മുൻപിൽ നിന്നും മാറി നിങ്ങളുടെ കുടുംബത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക, അവിടെ നിങ്ങളുടെ അച്ഛനേയും അമ്മയേയും കൂടപിറപ്പുകളെയും സ്നേഹിക്കുന്നുവെങ്കിൽ മാത്രം കലാഭവൻ മണിയുടെ കുടുംബാഗങ്ങളുടെ അവസ്ഥ ഒന്നു മനസ്സിലാക്കുക: സഹകരിക്കുക” കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…. മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’: ! ഒരു കാര്യം ഈ കേസിൽ നിന്നും പിൻമാറാൻ എന്തു നാടകം നിങ്ങൾ കളിച്ചാലും ജീവൻപോകും വരെ ഞങ്ങൾ പോരാടും, ഞങ്ങൾക്കൊപ്പം മിന്നുന്ന താരങ്ങളില്ല എങ്കിലും മിന്നാമിനുങ്ങായ മണി ചേട്ടനെ സ്നേഹിക്കുന്ന മണ്ണിന്റെ മണമുള്ള നല്ല മനുഷ്യർ ഞങ്ങൾക്കൊപ്പം ഉണ്ട്. അതു മതി”