ജില്ലയിലെ സംയുക്ത സ്‌ക്വാഡ് പരിശോധനയില്‍ 48 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

ജില്ലയില്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് നടക്കുന്ന സംയുക്ത സ്‌ക്വാഡ് പരിശോധനയില്‍ മേലേവെട്ടിപ്പുറത്തു പ്രവര്‍ത്തിക്കുന്ന മത്സ്യവില്‍പന സ്റ്റാളില്‍നിന്നു 48 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പഴകിയ മീന്‍ വില്പന നടത്തുന്നുവെന്ന് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്. കടയുടക്കെതിരേ നോട്ടീസ് നല്‍കുകയും പിടിച്ചെടുത്ത പഴകിയ മീന്‍ നശിപ്പിച്ചുകളയാന്‍ പത്തനംതിട്ട നഗരസഭയ്ക്ക്  വിട്ടുനല്‍കുകയും ചെയ്തു. കോഴഞ്ചേരി തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.ബാബുലാല്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ന്യൂമാന്‍ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടന്നത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കല്‍, അളവ്, തൂക്കം, ഗുണമേന്മ, വില തുടങ്ങിയവയിലെ ക്രമക്കേട് എന്നിവ പരിശോധിക്കുന്നതിന് റവന്യൂ, പോലീസ്, ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യ സുരക്ഷാ എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് ഏപ്രില്‍ 11 മുതല്‍ ജില്ലയില്‍ സ്‌ക്വാഡ് പരിശോധന നടത്തിവരുന്നത്. ഫുഡ് ആന്റ് സേഫ്റ്റി ഇന്‍പെക്ടര്‍ ടി.ആര്‍ പ്രശാന്ത് കുമാര്‍, സിവില്‍ സപ്ലൈസ് റവന്യൂ ഇന്‍സ്പെക്ടര്‍ ലിസി സാം, ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍ വിപിന്‍, ഹെല്‍ത്ത് ഇന്‍പെക്ടര്‍ ശശികുമാര്‍, ക്ലര്‍ക്ക് എസ്.ദിവ്യ എന്നിവരായിരുന്നു സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.