‘ഓൺവേഡ് ടുഗതർ – ഒരുമിച്ച് മുന്നോട്ട്’ എന്ന പുതിയ സംഘടനയുമായി ഹിലറി ക്ലിന്റൻ.ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ പോരാടുവാൻ ലക്ഷ്യമിടുന്ന ഒരു രാഷ്ട്രീയ സംഘടയാണിത്. ജനാധിപത്യത്തിന്റെ ഊർജമെന്നു പറയുന്നത് ജനങ്ങളുടെ സജീവമായ ഇടപെടലാണ്. അത്തരം ഇടപെടലുകൾ കൂടുതലായി ജനങ്ങളിൽ നിന്നും അഭ്യർത്ഥിച്ചു കൊണ്ട് പുതിയ സംഘടന മുന്നേറുമെന്നു ഹിലറി പ്രഖ്യാപിച്ചു. പുരോഗമന മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നത് സംഘടനയുടെ അജണ്ടയാണെന്നു വെബ്സൈറ്റിൽ പറയുന്നു. ഹിലറി ക്ലിന്റൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളുടെ കണക്കും സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ജയിച്ചത് ട്രംപാണെങ്കിലും ജനകീയ വോട്ടിൽ ഹിലറിയായിരുന്നു കഴിഞ്ഞ വർഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അഞ്ചു പുരോഗമന ഗ്രൂപ്പുകൾക്കു ഹിലറിയുടെ സംഘടന പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ട്രംപിനെതിരെ നിലപാടുള്ളവർ മുതൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നവർ, ലിംഗ, വർഗ, വർണ സമത്വം ലക്ഷ്യമിടുന്നവർ വരെയുള്ള ഗ്രൂപ്പുകളാണിത്.