പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിൽ ‘വാണാക്രൈ’ സൈബർ ആക്രമണമുണ്ടായി. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള 23 കംപ്യൂട്ടറുകളെ ‘വാണാക്രൈ’ റാൻസംവയർ കീഴടക്കി. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച പകല്‍ ഒരു മണിയോടെയാണ് നിലച്ചത്. അക്കൌണ്ട്സ്, പേഴ്സണല്‍ വിഭാഗങ്ങളിലെ കംപ്യൂട്ടറുകളെയാണ് ആക്രമിച്ചു കീഴടക്കിയത്.
പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ 300 ലധികം കംപ്യൂട്ടറുകളുണ്ട്. ഇതില്‍ ഓഫീസ് കാര്യങ്ങള്‍, കത്തുകള്‍, ജീവനക്കാരുടെ വിവരങ്ങള്‍ അടങ്ങിയ 23 കംപ്യൂട്ടറുകളിലാണ് ആക്രമണം. “നിങ്ങളുടെ കംപ്യൂട്ടര്‍ ഡാറ്റകള്‍ തിരിച്ചുകിട്ടണമെങ്കില്‍ 300 ഡോളര്‍ നല്കണം” എന്ന ആവശ്യം സന്ദേശമായി വരികയായിരുന്നു. അതേസമയം, റെയില്‍വേ നെറ്റ്വര്‍ക്ക്, ട്രെയിന്‍ ഗതാഗതം, റിസര്‍വേഷന്‍ എന്നിവയെ ഇത് ബാധിച്ചിട്ടില്ലെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. മറ്റ് കംപ്യൂട്ടറുകളില്‍ ബാധിക്കുന്നതു തടയാന്‍ പ്രതിരോധ നടപടിയെടുത്തു. റെയില്‍വേ യാത്രക്കാര്‍ക്കോ റിസര്‍വേഷന്‍ ചെയ്തവര്‍ക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും ആശങ്കവേണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാജ്യമൊട്ടാകെ ഏകദേശം 48,000 ‘വാണാക്രൈ’ സൈബര്‍ ആക്രമണശ്രമം നടന്നതായി കണ്ടെത്തിയെന്ന് പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വിക്ഹീല്‍ ടെക്നോളജീസ് എന്ന സൈബര്‍സുരക്ഷാ കമ്പനി പറഞ്ഞു. പശ്ചിമബംഗാളിലാണ് കൂടുതല്‍ ആക്രമണശ്രമം കണ്ടെത്തിയത്.