Sunday, October 6, 2024
HomeKeralaകൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പ് നൽകുന്ന കൊച്ചി മെട്രോ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നു എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.ആദ്യ റൗണ്ടില്‍ തന്നെ കൊച്ചി സ്മാര്‍ട്ട് സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടതായും കൂടുതല്‍ വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോക്കായി കേന്ദ്രം രണ്ടായിരം കോടി രൂപയിലധികം അനുവദിച്ച കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനാണ് കൊച്ചി മെട്രോയുടെ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയത്. മെട്രോ ഉദ്ഘാടനത്തിന് ആരെ വിളിക്കണമെന്ന് സംസ്ഥാന സർക്കാറിന് ആശങ്കയുണ്ടായിരുന്നില്ല. ഉദ്ഘാടനം വിവാദമാക്കാൻ ശ്രമിച്ചവർക്ക് നിരാശപ്പെടേണ്ടി വന്നു. തിരക്ക് പിടിച്ച പരിപാടികളുള്ളയാളാണ് പ്രധാനമന്ത്രി, അദ്ദേഹം ഈ പരിപാടിക്ക് വന്നതിന് നന്ദി അറിയിക്കുന്നു. രാജ്യത്താകെയുള്ള തൊഴിലാളികളാണ് മെട്രോ യാഥാർത്ഥ്യമാക്കിയതെന്നും പിണറായി വ്യക്തമാക്കി. ഇ.ശ്രീധരൻ മെട്രോക്ക് പിന്നിൽ വഹിച്ച പങ്കിനെയും പിണറായി എടുത്തു പറഞ്ഞു. വിഭവശേഷി കുറഞ്ഞ കേരളത്തിന് കേന്ദ്രത്തിൻറെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന കാര്യത്തിൽ കേന്ദ്രത്തിന് അനുകൂല നിലപാടാണുള്ളത്. പരിസ്ഥിതിക്ക് ആഘാതം വരുന്നതിനാലാണ് ആറന്മുള വിമാനത്താവളത്തെ സംസ്ഥാനസര്‍ക്കാര്‍ എതിർത്തതെന്നും പിണറായി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments