ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം കബറടക്കി. ക്രിസ്തുരാജാ കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്.
തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി വചനസന്ദേശവും കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് എം.സൂസപാക്യം അനുസ്‌മരണ സന്ദേശവും നൽകി. സമാപന ശുശ്രൂഷയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരുന്നു. നഗരികാണിക്കലിനു ശേഷം കത്തീഡ്രൽ ദേവാലയത്തോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ് മാർ കുര്യാക്കോസ് കുന്നശേരിക്ക് അന്ത്യവിശ്രമമൊരുങ്ങിയത്. അതിരൂപതയിലെ മുൻ അധ്യക്ഷൻമാരുടെ കബറിടത്തോടു ചേർന്നാണാണിത്.
പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ ആയിരക്കണക്കിനു ജനങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. മന്ത്രി മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ.മാണി എംപി, എംഎൽഎമാരായ കെ.എം.മാണി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പി.സി.ജോർജ്, ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, ഡോ.ജോഷ്വ മാർ നിക്കോദിമോസ്, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് ഡോ. സ്റ്റാൻലി റോമൻ, തോമസ് മാർ തിമോത്തിയോസ്, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, മാർ തോമസ് മേനാംപറമ്പിൽ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജോസ് പുളിക്കൽ, കലക്‌ടർ സി.എ.ലത തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മലയാള മനോരമയ്ക്കുവേണ്ടി ഡയറക്ടറും അസിസ്റ്റന്റ് എഡിറ്ററുമായ ഹർഷ മാത്യു റീത്ത് സമർപ്പിച്ചു. ശനിയാഴ്ച അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു.