സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍; സിബിഐ അന്വേഷണം…

swami

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ പെണ്‍കുട്ടി അപേക്ഷ നല്‍കി. നിലവിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. പല മൊഴികളും പോലീസ് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്നും പെണ്‍കുട്ടി അപേക്ഷയില്‍ പറയുന്നു.
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് കാമുകനായ അയ്യപ്പദാസിന്റെ നിര്‍ദേശപ്രകാരമാണെന്ന് പെണ്‍കുട്ടി അഭിഭാഷകനോട് പറയുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അയ്യപ്പദാസാണ് കത്തി കൊണ്ടുവന്ന് തന്നത്. ഇരുട്ടില്‍ കത്തി എടുത്ത് വീശാന്‍ അയ്യപ്പദാസ് പറഞ്ഞു. അതിന് ശേഷം പോലീസില്‍ വിവരമറിയിക്കാനും അയ്യപ്പദാസാണ് പറഞ്ഞതെന്ന് പെണ്‍കുട്ടി പറയുന്നു. സ്വാമിയുടെ അടുത്തിരുന്നപ്പോള്‍ കത്തികൊണ്ട് ചെറുതായി വീശിയതേ ഉള്ളൂ. ലിംഗം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. പോലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നല്‍കിയതെന്നുമാണ് പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
അതേസമയം, ഫോണ്‍സംഭാഷണം പുറത്തുവരുന്നതിന് മുന്‍പ് പെണ്‍കുട്ടി കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍, ലിംഗം മുറിച്ചത് താന്‍ അല്ലെന്നാണ് പറയുന്നത്. സ്വാമിയുടെ നിലവിളി കേട്ട് പുറത്തേക്ക് ഓടുകയായിരുന്നുവെന്നും താനല്ല അത് ചെയ്തതെന്നുമായിരുന്നു പെണ്‍കുട്ടി കത്തില്‍ പറഞ്ഞിരുന്നത്. സംഭവം നടന്നപ്പോള്‍ ഭയന്ന താന്‍ ആദ്യം എഡിജിപി ബി സന്ധ്യയുടെ വീട്ടിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. പിന്നീട് മൊഴി പല തവണ പോലിസ് തിരുത്തിയെഴുതി. മൊഴി അംഗീകരിക്കാന്‍ പോലിസ് തന്നെ പല തവണ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി കത്തില്‍ പറഞ്ഞിരുന്നു.