ബാലഭാസ്‌കറുമായി വലിയ അടുപ്പമില്ലെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി

ബാലഭാസ്‌കറുമായി വലിയ അടുപ്പമില്ലെന്ന് സ്വര്‍ണക്കടത്ത് കേസില്‍ റിമാന്റിലുള്ള സുനില്‍ കുമാറിന്റെ മൊഴി. പ്രകാശ് തമ്ബി വഴിയാണ് ബാലഭാസ്‌ക്കറിനെ പരിചയപ്പെടുന്നത്. ബാലഭാസ്‌ക്കറിന്റെ പഴയ കാര്‍ വില്‍ക്കാനാണ് പ്രകാശ് വഴി പരിചയപ്പെട്ടത്. നവംബറില്‍ ദുബായില്‍ പോയത് പ്രകാശ് തമ്ബിയും വിഷ്ണുവും പറഞ്ഞിട്ടാണെന്നും സുനില്‍കുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

റിമാന്റിലുള്ള സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശ് തമ്ബി തന്നെ കുരുക്കിയതാണെന്നാണ് സുനില്‍കുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ബാലഭാസ്‌ക്കറിന്റെ മുന്‍ ഫിനാന്‍സ് മാനേജറായിരുന്നു തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ പ്രതി വിഷ്ണു. ഇയാള്‍ രാവിലെ എറണാകുളം ഡി.ആര്‍.ഐ ഓഫീസില്‍ കീഴടങ്ങി. രാവിലെ പത്തരയോടെയാണ് തിരുവനന്തപുരം വിമാനത്താവള സ്വര്‍ണകടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരം എറണാകുളം ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ മുന്‍ ഫിനാന്‍സ് മാനേജര്‍ കൂടിയായ വിഷ്ണു, സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണെന്ന് ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു.