സൈനികവാഹനവ്യൂഹത്തിന് നേരേ സായുധാക്രമണം;പുല്‍വാമ വീണ്ടും സംഘർഷഭരിതം

terrorism

പുല്‍വാമ വീണ്ടും സംഘർഷഭരിതം. സൈനികവാഹനവ്യൂഹത്തിന് നേരേ സായുധാക്രമണം. പുല്‍വാമയിലെ അരിഹാല്‍ മേഖലയില്‍ സിആര്‍പിഎഫിന്റെ 44 രാഷ്ട്രീയ റെഫിള്‍സിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സൈനിക വാഹനം തകര്‍ന്നു. അഞ്ചു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിനുശേഷം വാഹനത്തിന് നേരെ സായുധര്‍ വെടിയുതിര്‍ക്കുകയും ചെയ്തു.മണിക്കൂറുകള്‍ക്ക് മുമ്പ് ജമ്മു കശ്മീര്‍ അനന്തനാഗ് ജില്ലയിലെ അച്ചാബാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഖലയില്‍ സായുധര്‍ തമ്പടിച്ചതായ വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സായുധര്‍ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിര്‍ത്തത്.