കുടുംബങ്ങള്‍തോറും പെരുമാറ്റച്ചട്ടവുമായി ആര്‍എസ്എസ് സ്വയംസേവകന്മാരും വനിതാപ്രവര്‍ത്തകരും കയറിയിറങ്ങുന്നു. എന്ത് കഴിക്കണം, എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം തുടങ്ങിയ വിഷയങ്ങളിലാണ് ആര്‍എസ്എസിന്റെ ഗൃഹസമ്പര്‍ക്ക പരിപാടി. ഏപ്രിലില്‍ തുടങ്ങിയ പരിപാടിയുടെ ഭാഗമായി ഭാരതത്തിലെ പൌരന്മാർ ‘ഹിന്ദുജീവിതശൈലി’ നയിക്കുന്നവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.
മുതിര്‍ന്ന സ്വയംസേവകന്മാരും വനിതാപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രതിനിധിസംഘം വീടുകള്‍തോറും കയറിയിറങ്ങി സസ്യാഹാരത്തിന്റെ ഗുണഫലങ്ങളും ഭാരതീയ വസ്ത്രധാരണരീതിയുടെ മേന്മയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. 2019 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ‘കുടുംബപ്രബോധനം’ എന്ന് പേരിട്ട ഗൃഹസമ്പര്‍ക്കപരിപാടിക്ക് ആര്‍എസ്എസ് തുടക്കം കുറിച്ചത്.
പാശ്ചാത്യജീവിതശൈലിയുടെ അനുകരണമായ മെഴുകുതിരി ഊതിക്കെടുത്തിയുള്ള ജന്മദിനം ആഘോഷിക്കല്‍ ഒഴിവാക്കണം, മാംസാഹാരം കഴിവതും ഒഴിവാക്കി സസ്യാഹാരപ്രിയരാകണം, സ്ത്രീകള്‍ പുറത്തുപോകുമ്പോള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുന്ന അവസരങ്ങളില്‍ രാഷ്ട്രീയവും ക്രിക്കറ്റുംപോലെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യരുത്. ടിവി ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും വരുന്ന കാര്യങ്ങള്‍ അതുപോലെ വിശ്വസിക്കുകയോ കണക്കിലെടുക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപദേശങ്ങളും സംഘം നല്‍കുന്നുണ്ട്.
പൌരന്മാരില്‍ ഹിന്ദു സംസ്കാരവും മൂല്യബോധവും ഉറപ്പിക്കാനുള്ള ആശയപ്രചാരണമാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ മുസ്ളിങ്ങളുടെയും ക്രിസ്ത്യാനികളുടെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമുദായികമൈത്രി ഉറപ്പാക്കുകയെന്ന ലക്ഷ്യം കൂടി പരിപാടിക്ക് പിന്നിലുണ്ടെന്നുമാണ് ആർ എസ് എസിന്റെ അവകാശവാദം.