Thursday, March 28, 2024
HomeKeralaസംസ്ഥാനത്ത് മഴ കനക്കുന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ. വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് (3.5 മീറ്റര്‍ മുതല്‍ 4.9 മീറ്റര്‍ വരെ) സാധ്യത ഉണ്ടെന്നാണു മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിനു പോകരുതെന്നും കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിലേക്കു ബാധകമാകുന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അതേ സമയം, രണ്ടു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ചൊവ്വാഴ്ച മാത്രം രണ്ടുപേരാണ് മരിച്ചത്. മലപ്പുറത്ത് ഒരാള്‍ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. മലപ്പുറത്ത് മേലാറ്റൂര്‍ എരുത്തൊടി നാരായണന്‍ (68) ആണു മരിച്ചത്. പൊട്ടിവീണ വൈദ്യുതകമ്ബിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കോട്ടയം മുണ്ടക്കയത്തുനിന്ന് തിങ്കളാഴ്ച കാണാതായ യുവാവിന്റെ മൃതദേഹമാണു കണ്ടെത്തിയത്. കോരുത്തോട് അമ്ബലവീട്ടില്‍ ദീപു (28) ആണു മരിച്ചത്. അഴുതയാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. കല്ലേപാലത്തിന് സമീപം രണ്ടുപേരെ കാണാതായി. കടമ്ബനാട് മേലുക്കടെ തെക്കേതില്‍ പ്രവീണ്‍ (27), അടൂര്‍ സ്വദേശി ഷാഹുല്‍ (21) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. 30 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ ജലനിരപ്പിലേക്കാണ് ഇടുക്കി അണക്കെട്ടിയില്‍ വെള്ളം ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പെരിയാറിലെ അണക്കെട്ടില്‍ ജലനിരപ്പ് 131.2 അടിയായി ഉയര്‍ന്നു. 142 അടിയാണ് അനുവദനീയമായ സംഭരണശേഷി. ഇടുക്കിയില്‍ 2,375.52 അടിയായി ജലനിരപ്പ് ഉയര്‍ന്നു. 1985 ന് ശേഷം വരുന്ന ഏറ്റവും വലിയ ജലനിരപ്പാണ് ഇത്. 2374.11 അടിയാണ് അന്ന് രേഖപ്പെടുത്തിയത്. വൃഷ്ടിപ്രദേശത്ത് 73.2 മില്ലി മഴയാണ് കിട്ടിയത്. കോട്ടയത്ത് ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. കെ എസ് ആര്‍ ടി സി സര്‍വീസ് മങ്കൊമ്ബ് വരെയാക്കി ചുരുക്കി. മിക്ക റൂട്ടുകളിലും ചെറുവാഹനങ്ങള്‍ ഓടുന്നില്ല. കുട്ടനാട് സമീപ വര്‍ഷങ്ങളില്‍ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
അതേസമയം കാലവര്‍ഷം കനത്തതോടെ ദുരിതത്തിലായിരിക്കയാണ് ജനങ്ങള്‍. മഴയില്‍ അല്‍പ്പം കുറവുണ്ടായെങ്കിലും വെള്ളപ്പൊക്കത്തിന് ശമനമില്ല. വീടുകളിലും കടയ്ക്കുള്ളിലുമടക്കം വെള്ളം നിറഞ്ഞിരിക്കയാണ്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പതിനാറു വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളം ഉയരുന്നതിന് അനുസരിച്ച്‌ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണു അധികൃതര്‍. ഇതുവരെ തുറന്ന 111 ക്യാംപുകളിലായി 22,061 പേരാണു കഴിയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്രയും ശക്തമായ വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിക്കുന്നതെന്നാണു മുതിര്‍ന്ന തലമുറയടക്കം പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments