ന്യൂയോർക്ക് ലോങ്ങ്ഐലൻഡ് സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ വിശുദ്ധ ജോസഫ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു. തിരുനാളിന്റെ ഭാഗമായി വിശുദ്ധ മൂന്നിന്മേൽ കുർബാനയും വർണ്ണശമ്പളമായ റാസയും നടത്തി. വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ആർച്ച് ബിഷപ്പ് ആയൂബ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്ത , കുരിയാക്കോസ് മാർ ഗ്രീഗോറിയോസ്മെത്രാപ്പോലീത്ത, കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. സഹകാർമ്മികരായി വികാരി ഫാ. സി എ. തോമസ് ചിറത്തലക്കൽ , ഫാ. തോമസ് എബ്രഹാം ളാഹയിൽ , ഫാ. ജൂബി ജേക്കബ് തോപ്പിൽ തുടങ്ങിയവർ സഹകാർമ്മികരായിരുന്നു. തുടർന്ന് കുരിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജൂലിയാന ഏലാംകുളത്തിന്റെ സംഗീതവിരുന്നിനെ തുടർന്ന് വാദ്യമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വെട്ടുകുട , മേക്കട്ടി , പൊൻവെള്ളികുരിശുകൾ എന്നിവ വഹിച്ചുകൊണ്ട് വിശ്വാസികൾ ഭക്തിനിർഭരമായി റാസയിൽ പങ്കെടുത്തു. ചെറി ഏലാംകുളം മരക്കുരിശ് വഹിച്ചുകൊണ്ട് റാസയ്ക്കു നേതൃത്വം നൽകി. റാസയ്ക്ക് ശേഷം നേർച്ചവിളമ്പോടുകൂടി പെരുന്നാൾ സമാപിച്ചു. ചെറി ആൻഡ് സിന്ധു ഏലാംകുളം കുടുംബം ഈ വർഷത്തെ പെരുന്നാൾ സ്പോൺസർ ചെയ്തു.