തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനായിരിക്കും മരണത്തെ കുറിച്ച് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി എം. പളനിസ്വാമി അറിയിച്ചു.കൂടാതെ, ജയയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയായ ‘വേദനിലയം’ സര്‍ക്കാര്‍ സ്മാരകമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി പളനിസ്വാമി വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രിയായിരുന്ന ഒ.പനീര്‍സെല്‍വത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ. പനീര്‍സെല്‍വത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുന്‍പുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രാജിയോടെ സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയി. തുടര്‍ന്ന് ലയനം പൂര്‍ത്തിയാക്കാന്‍ പനീര്‍സെല്‍വം മുന്നോട്ടുവച്ചിരുന്ന നിര്‍ദേശങ്ങളിലൊന്നുമിതായിരുന്നു. സെപ്റ്റംബര്‍ 22നു കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ്, 2016 ഡിസംബര്‍ അഞ്ചിനു രാത്രി പതിനൊന്നരയോടെയാണ് ജയലളിത അന്തരിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം.