മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശർമ്മിളയും ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ ഡെസ്മണ്ട് കുടിനോയും വിവാഹതിരായി. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ നടന്ന ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും കുടംബാംഗങ്ങളാരും ചടങ്ങിൽ പങ്കെടുത്തിട്ടില്ല.
45കാരിയായ ഇറോം 16 വർഷത്തെ നിരാഹാരം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. തുടർന്ന് രാഷ്ട്രീയം ഉപേക്ഷിച്ച് വിവാഹിതയാകാൻ തീരുമാനിക്കുകയായിരുന്നു. 55കാരനായ കുടിനോക്ക് ഗോവയിൽ ബന്ധുക്കളുണ്ട്.
വിവാഹത്തിന്റെ നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇരുവരും കഴിഞ്ഞ രണ്ടുമാസങ്ങളായി കൊടൈക്കനാലിൽ താമസിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ഹിന്ദു മക്കൾ കക്ഷി വിവാഹത്തിനെതിരെ ആഗസ്ത് നാലിന് പരാതി നൽകിയിരുന്നു. എന്തുകൊണ്ടാണ് എതിർപ്പെന്ന് അറിയില്ലെന്നു പറഞ്ഞ ശർമ്മിള ഇതു രണ്ടുപേരുടെ സ്വകാര്യ ജീവിതമാണെന്നും പറഞ്ഞിരുന്നു. വിവാഹം ചെയ്താലും ഇല്ലെങ്കിലും തങ്ങൾ കൊടൈക്കനാലിലെ വീട്ടിൽ ഒരുമിച്ച് താമസിക്കുമെന്നും ഇറോം നേരത്തെ വ്യക്തമാക്കിയിരുന്നു.