അപവാദം പറഞ്ഞു കുടുംബജീവിതം തകർത്തു : യുവതി സ്വയം നിറയൊഴിച്ച് മരിച്ചു

suicide

അപവാദം പറഞ്ഞു കുടുംബജീവിതം തകർത്തതിൽ മനംനൊന്ത് പഞ്ചാബിലെ ഖന്നയില്‍ യുവതി സ്വയം നിറയൊഴിച്ച് മരിച്ചു. മാന്‍കി സ്വദേശി ഗഗന്‍ദീപ് കൗര്‍ (26 ) ആണ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യചെയ്തത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു ദാരുണമായ സംഭവം. പിതാവിന്റെ കൈവശമുള്ള 38 ബോര്‍ റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ആത്മാഹുതി. അമേരിക്കയില്‍ ജോലി ചെയ്യുന്ന മുന്‍ ഭര്‍ത്താവ് സറബ്ജിത് സിംഗ്, ഇയാളുടെ അമ്മ ഗുര്‍മീത് കൗര്‍, മുത്തശ്ശി ബല്‍ജീന്ദര്‍ കൗര്‍ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് യുവതി കുറിപ്പെഴുതി വെച്ചിട്ടുണ്ട്. കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. 26 കാരി ജീവനൊടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഗഗന്‍ദീപ് കൗറും കുടുംബവും നേരത്തെ കൊല്‍ക്കത്തയിലായിരുന്നു. 3 വര്‍ഷം മുന്‍പാണ് മാന്‍കിയിലെത്തുന്നത്. രണ്ട് വര്‍ഷം മുന്‍പ് സറബ്ജിത് സിംഗിനെ വിവാഹം കഴിച്ചു. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷം മാന്‍കി സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായൊരാള്‍ ഗഗന്‍ദീപ് കൗറിനെ സമീപിച്ച് ഭീഷണിയാരംഭിച്ചു. 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഗഗന്‍ദീപിനെതിരെ കേട്ടാല്‍ അറയ്ക്കുന്ന അപവാദ പ്രചരണം നടത്തുമെന്നായിരുന്നു ഇയാളുടെ ഭീഷണി. പെണ്‍കുട്ടിയെക്കുറിച്ച് അത്യന്തം മോശമായ കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറഞ്ഞുകൊടുക്കുമെന്നും ഭീഷണി മുഴക്കി. എന്നാല്‍ ഇതിന് വഴങ്ങാതെ പണം നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. ഇതോടെ ഇയാള്‍ സരബ്ജിത് സിംഗിനോട് ഗഗന്‍ദീപിനെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു. ഇതോടെ സരബ്ജിത് സിംഗിന് ഭാര്യയെ സംശയമായി. അവരുടെ ദാമ്പത്യം തകരുകയും വേര്‍പിരിയലില്‍ കലാശിക്കുകയും ചെയ്തു. സറബ്ജിത് വിവാഹ ബന്ധം വേര്‍പെടുത്തിയശേഷം യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഒടുവില്‍ പെണ്‍കുട്ടി ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.