സ്വാതന്ത്ര്യദിനത്തില്‍ മികച്ച പോലീസ് കോണ്‍സ്റ്റബിളിനുള്ള പുരസ്കാരം നേടിയ പോലീസുകാരന്‍ പിറ്റേ ദിവസം കൈക്കൂലി കേസില്‍ അറസ്റ്റിലായി

kikooli

സ്വാതന്ത്ര്യദിനത്തില്‍ മികച്ച പോലീസ് കോണ്‍സ്റ്റബിളിനുള്ള പുരസ്കാരം നേടിയ പോലീസുകാരന്‍ പിറ്റേ ദിവസം കൈക്കൂലി കേസില്‍ അറസ്റ്റിലായി. പല്ലെ തിരുപതി റെഡ്ഡി എന്ന പോലീസുകാരനെയാണ് മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്കാരം നല്‍കി സ്വാതന്ത്ര്യദിനത്തില്‍ തെലങ്കാന സര്‍ക്കാര്‍ ആദരിച്ചത്. തെലങ്കാന എക്സൈസ് വകുപ്പ് മന്ത്രി വി ശ്രീനിവാന ഗൗണ്ടയായിരുന്നു ഇദ്ദേഹത്തിന് പുരസ്കാരം നല്‍കിയത്.പോലീസ് സുപ്രണ്ട് രമാ രാജേശ്വരിയുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ദാനം. പല്ലേ തിരുപ്പതി റെഡ്ഡി പുരസ്കാരം വാങ്ങുന്ന ചിത്രം അച്ചടിച്ചു വന്ന പത്രങ്ങളില്‍ പിറ്റേ ദിവസം വന്നത് കൈക്കൂലി കേസില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച കോണ്‍സ്ററബിള്‍ പിടിയിലായ വാര്‍ത്തയാണ്. മഹ്ബൂബ് നഗറിലെ ഐ ടൗണ്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് പല്ലെ റെഡ്ഡി.

17,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇദ്ദേഹത്തെ അഴിമതി വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത്. എം രമേശ് എന്നായാളുടെ പരാതിയിന്മേലാണ് നടപടി. കള്ളക്കേസില്‍പെടുത്തി തന്നെ ജയിലില്‍ അടയ്ക്കുമെന്ന് പോലീസുകാര്‍ നിരന്തരം തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. കൃത്യമായ രേഖകളുണ്ടായിട്ടും അനധികൃത മണല്‍ക്കടത്താണെന്ന് ആരോപിച്ചാണ് പീഡനമെന്നും രമേശ് പറയുന്നു. പല്ലെ റെഡ്ഡിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ മികച്ച തഹസീല്‍ദാര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കി റവന്യൂ ഓഫീസറും കഴിഞ്ഞ മാസം കൈക്കൂലി കേസില്‍ അഴിമതി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായിരുന്നു. കൈക്കൂലി തുകയായ 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവുമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പിടികൂടിയത്.