ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷനേയും പാര്‍ട്ടി വക്താവിനേയും അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി.

citinews-rahul

ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് അധ്യക്ഷനേയും പാര്‍ട്ടി വക്താവിനേയും അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, കോണ്‍ഗ്രസ് വക്താവും കശ്മീരിലെ മുതിര്‍ന്ന നേതാവുമായ രവീന്ദര്‍ ശര്‍മ എന്നിവര്‍ അറസ്റ്റിലായത്. കശ്മീരില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്ത്.

കോണ്‍ഗ്രസ് തന്നെയാണ് നേതാക്കള്‍ അറസ്റ്റിലായ വിവരം പുറത്ത് വിട്ടത്. കശ്മീരിലെ അനധികൃതമായ അറസ്റ്റുകള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. മോദിയുടെ ഇത്തരം ഏകാധിപത്യ നീക്കങ്ങള്‍ നിര്‍ത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേതാക്കളെ ഉടന്‍ മോചിപ്പിക്കണം.

നേതാക്കളുടെ അറസ്റ്റിനെതിരെ ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ട്വീറ്റ് ഇങ്ങനെ: ‘ജമ്മുവില്‍ വെച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ശ്രീ ഗുലാം അഹമ്മദ് മിര്‍, പാര്‍ട്ടി വക്താവ് ശ്രീ രവീന്ദര്‍ ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാക്കളെ യാതൊരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്യുക വഴി ജനാധിപത്യത്തിന് മറ്റൊരു കളങ്കം കൂടി സര്‍ക്കാര്‍ വരുത്തി വെച്ചിരിക്കുന്നു. എപ്പോഴാണ് ഈ ഭ്രാന്ത് ഒന്ന് അവസാനിക്കുക?’

വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് നേതാക്കളെ കൊണ്ട് പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രങ്ങള്‍ നീക്കി വരികെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ്. ജമ്മുവില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഭാഗികമായി നീക്കിയിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.