കവളപ്പാറയില്‍ മരണം 40 ആയി ; രണ്ട് മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി

കവളപ്പാറ ദുരന്തത്തിലകപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ക്കൂടി ശനിയാഴ്ച കണ്ടെടുത്തു. ഇതോടെ ഇവിടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ഉരുള്‍പൊട്ടലില്‍കാണാതായിരുന്നസൈനികനായവിഷ്ണുവിന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വ്യാപകമാക്കിയെങ്കിലും കൂടുതല്‍ ആളുകളെ കണ്ടെത്താനാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ ഇല്ലാത്തത് തിരച്ചിലിന് സഹായകമാകുന്നുണ്ട്.

തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിന് ജിപിആര്‍എസ് സംവിധാനം ഇന്ന് എത്തിക്കും. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുക. ആറ് സാങ്കേതികവിദഗ്ധരും ഒപ്പമുണ്ടാകും. റഡാര്‍ സംവിധാനം വിജയിക്കുകയാണെങ്കില്‍ തിരച്ചില്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച കവളപ്പാറയില്‍ അഞ്ചു പേരുടെ മൃതദേങ്ങള്‍ കണ്ടെടുത്തിരുന്നു. ഇനി ഇവിടെ 19 പേരെക്കൂടി കണ്ടെത്താനുണ്ട്. വയനാട്ടിലെ പുത്തുമലയില്‍ ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 122 ആയി.