ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. പാലക്കാട്ട് വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയിലാണ് സംഭവം. മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്. വീടിനു സമീപത്ത് കക്കൂസിനായി നിർമിച്ച കുഴിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത്.
പാലക്കാട് മുക്കാലിക്കും മണ്ണാർക്കാടിനും ഇടയിൽ 15 ഭാഗങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പുലർച്ചെ ആനക്കല്ലിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ നാലു വിടുകൾ തകർന്നിരുന്നു. ഈ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അടിയന്തരസാഹചര്യം നേരിടാന്‍ പാലക്കാട് കളക്ട്രേറ്റിലും മണ്ണാര്‍ക്കാടും കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്.
കോട്ടയത്തും മഴ ശക്തമാണ്. ചിങ്ങവനത്ത് മഴയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേത്തുടർന്ന് കോട്ടയം- ചങ്ങനാശേരി റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എറണാകുളം, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം നാടുകാണി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസമുണ്ടായി. മണിക്കൂറുകൾക്ക് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. കോഴിക്കോടും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച ഏഴു സെന്റീമീറ്റർ മഴയാണ് പെയ്തത്. കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു.
കോഴിക്കോട്ടെ മലയോരമേഖലകളും മണ്ണിടിച്ചില്‍ ഭീഷണിനേരിടുകയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഈ മേഖലയിലൂടെ രാത്രിയാത്ര ഒഴിവാക്കണമെന്നും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാസർഗോട്ട് ശക്തമായ മഴയിൽ കടലാക്രമണം ഉണ്ടായി. മുസോട്ടി കടപ്പുറത്താണ് കടലാക്രമണം റിപ്പോർട്ട് ചെയ്തത്.
ഇപ്പോൾ പെയ്യുന്ന മഴ ഇടവപ്പാതിയുടെ തുടർച്ചയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. നേരത്തെ മഴ കുറവ് രേഖപ്പെടുത്തിയ ജില്ലകളിലാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.