Thursday, March 28, 2024
HomeKeralaപോലീസിനുള്ളില്‍ സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമാക്കുന്നുവെന്ന് റിപ്പോർട്ട്

പോലീസിനുള്ളില്‍ സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമാക്കുന്നുവെന്ന് റിപ്പോർട്ട്

കേരളാ പോലീസിനുള്ളില്‍ പ്രവര്‍ത്തനം ശക്തമാക്കി കളം പിടിക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി പോലീസിനുള്ളില്‍ ശക്തമായ ടീം തന്നെ ഉണ്ടാക്കിയതായാണ് സൂചന. വിഴിഞ്ഞത്ത് ടൂറിസം പോലീസില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് സംഘടനയുടെ പ്രസിഡന്റ്. തിരുവനന്തപുരം സിറ്റി കണ്‍ട്രോണ്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെ സെക്രട്ടറിയായും പോലീസ് ആസ്ഥാനത്തെ ബോംബ് സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെയുണ്ടായിരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി നിശബ്ദ പ്രവര്‍ത്തനം അവസാനിപ്പിച്ച് പരസ്യപ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. ചരിത്ര പ്രധാന്യം ഉളള സ്ഥലങ്ങളില്‍ വെച്ച് എല്ലാ മാസവും പ്രവര്‍ത്തക സമിതി യോഗം ചേരാനും തീരുമാനമായിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ അനുഭാവികളെ മാത്രം ഉള്‍പ്പെടുത്തി തത്ത്വമസി എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. യോഗ ചെയ്യുന്നതിനായിട്ടാണ് യോഗം ചേരുന്നത് എന്ന് പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് തീരുമാനം.

പ്രവര്‍ത്തനത്തിനായി അംഗങ്ങള്‍ 100 രൂപ മാസവരിയായി ഇടാക്കാനും, അനുഭാവികള്‍ ഒന്നിച്ച് കൂടുന്ന ദിവസം ചരിത്രപ്രാധാനം ഉളള സ്ഥലത്ത് വെച്ച് യോഗ ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗാചാര്യമാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതലയെന്നും ആരോപണമുണ്ട്. സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രതിമാസം 1000 രൂപ തവണ അടക്കേണ്ട 11 മാസം നീണ്ട് നില്‍ക്കുന്ന ചിട്ടി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വലിയ തുറ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല.

സംസ്ഥാനത്തെ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുന്നവരും കൂടി ഉള്‍പ്പെടുന്നതാണ് പോലീസിലെ സംഘപരിവാര്‍ സംഘടന. തന്ത്രപ്രധാനമായ സ്‌പെഷ്യല്‍ബ്രാഞ്ച് അടക്കമുളള ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മാസം പതിനേഴാം തീയതി കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ ചേര്‍ന്ന പ്രഥമപഠന ശിബിരത്തിലാണ് പോലീസിനുളളിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് സംഘപരിവാര്‍ അനുഭാവികള്‍ രഹസ്യ തീരുമാനം എടുത്തത്. കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ പ്രവര്‍ത്തനം പോലീസിനുളളില്‍ രഹസ്യമായി നടക്കുന്നുണ്ടെങ്കിലും അതിന് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല.

ഇത് മറികടക്കുന്നതിനും പോലീസിലെ കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് ബദലായി വളര്‍ന്ന് വരുന്നതിനുമാണ് സംഘപരിവാര്‍ അനുകൂലികളായ ഒരു പറ്റം പോലീസുകാര്‍ പരസ്യ പ്രവര്‍ത്തനം നടത്താനും തീരുമാനം എടുത്തത്. തത്ത്വമസി എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് എല്ലാ മാസവും ചരിത്രപ്രാധാനം ഉളള ഏതെങ്കിലും സ്ഥലത്ത് വെച്ച് പ്രവര്‍ത്തന സമിതി ചേരണമെന്നാണ് കന്യാകുമാരി ശിബരത്തിന്റെ തീരുമാനം.

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി തന്നെ കയ്യാളുന്ന ആഭ്യന്തര വകുപ്പ് നാള്‍ക്കുനാള്‍ പഴികേട്ടുകൊണ്ടിരിക്കെയാണ് പുതിയ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments