അഭയക്കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് എം. കോട്ടൂരിനും സുഹൃത്ത് ഫാദര്‍ ജോസ് പൂതൃക്കയിലിനും കോട്ടയം ബി.സി.എം കോളേജിലെ ഒരു സിസ്റ്ററുമായി വഴി വിട്ട ബന്ധം ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകയും കോളേജ് അദ്ധ്യാപികയുമായിരുന്ന സാക്ഷിയുടെ മൊഴി. ജോസ് പൂതൃക്കയിലിനും കോട്ടൂരിനും ഒപ്പം ജോലി ചെയ്തിരുന്ന പ്രൊഫ. ത്രേസ്യാമ്മയാണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. സിസ്റ്റർ അഭയയുടെ മലയാളം അദ്ധ്യാപിക കൂടിയാണ്.
കോട്ടൂരിന്റെയും പൂതൃക്കയിലിന്റെയും നോട്ടവും പ്രവൃത്തികളും ശരിയായിരുന്നില്ലെന്ന് നിരവധി വിദ്യാര്‍ത്ഥിനികള്‍ തന്നോട് പരാതിപ്പെട്ടിട്ടുണ്ട്. വളരെയേറെ സ്വഭാവദൂഷ്യമുണ്ടായിരുന്ന ഇരുവരെയും അന്നത്തെ ബിഷപ്പ് കുന്നശ്ശേരി വളരെ അധികം സഹായിച്ചിട്ടുണ്ട്. കോളേജിലും ഇരുവര്‍ക്കും പ്രത്യേക പരിഗണന ഉണ്ടായിരുന്നു. സിസ്റ്റർ അഭയയുടെ മൃതദേഹം കാണാന്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ ചെന്നപ്പോള്‍ മൂടിയിരുന്ന ഷീറ്റ് മാറ്റി മൃതദേഹം കാണിച്ചു തന്നത് ജോസ് പൂതൃക്കയിലായിരുന്നു. മൃതദേഹത്തിന്റെ മുഖത്ത് മുറിവുണ്ടായിരുന്നു. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന പത്രങ്ങളിലെ പേജ് മറ്റാരും കാണാതിരിക്കാന്‍ കോളേജ് അധികൃതര്‍ ഇളക്കിമാറ്റിയിരുന്നതായും ത്രേസ്യാമ്മ മൊഴി നല്‍കി.