Monday, October 14, 2024
HomeKeralaമെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. മെമ്മറികാര്‍ഡ് തൊണ്ടിമുതലാണെങ്കിലും അതിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നടിയുടെ സ്വകാര്യത മാനിച്ച്‌ പ്രതിക്ക് ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിക്ക് നിരപരാധിത്വം തെളിയിക്കാന്‍ കേസിലെ രേഖകള്‍ ലഭിക്കേണ്ടത് അനിവാര്യമല്ലേയെന്ന് ജസ്റ്റിസ്‌ എ.എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചെങ്കിലും ദൃശ്യങ്ങളുടെ നല്‍കുന്നതിനെ ആക്രമിക്കപ്പെട്ട നടി ശക്തമായി എതിര്‍ത്തു.
കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിക്ക് കൈമാറണമെന്നാണ് വ്യവസ്ഥയെങ്കിലും ഈ കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണമെന്ന് നടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് ചൂണ്ടിക്കാട്ടി. ദൃശ്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. പോക്സോ കേസുകളെയടക്കം ബാധിക്കാനിടയുണ്ട്. രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുള്ളതുപോലെ തന്റെ സ്വകാര്യതയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സ്വകാര്യത തന്റെ മൗലികാവകാശമാണ്. കോടതിയില്‍ പ്രതി ദൃശ്യങ്ങള്‍ കാണുന്നതിനോ പരിശോധിക്കുന്നതിനോ എതിര്‍പ്പില്ല. പ്രതി ആവശ്യപ്പെടുന്ന വിദഗ്ദ്ധനെ കൊണ്ട് പരിശോധിക്കുന്നതിലും എതിര്‍പ്പില്ലെന്നും നടി വ്യക്തമാക്കി.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെ ന്നും ദിലീപ് ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡ് നിര്‍ണായക തെളിവാണ്. ദൃശ്യങ്ങള്‍ രേഖയാണ്. രേഖ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ട്. സ്വന്തംനിലയില്‍ ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ടെന്നും ദിലീപ് ആവശ്യപ്പെട്ടു.

മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് വ്യക്തമായി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
നടിയെ ആക്രമിക്കുമ്ബോള്‍ ഓടുന്ന വാഹനത്തില്‍ വച്ച്‌ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വാദം. ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ദീലിപിന്റെ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments