ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും എതിരെ വ്യാപാരികള്‍ രംഗത്ത്

flipkart

ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വില്‍പനമേളകള്‍ ചട്ടലംഘനമെന്ന് വ്യാപാരികള്‍. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും എതിരെയാണ് വ്യാപാരികള്‍ രംഗത്ത് വന്നിരിക്കുന്നത്.

നടക്കുന്ന വില്‍പനമേളകള്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിന്റെ (എഫ്.ഡി.ഐ) ലംഘനമാണ് എന്ന് രാജ്യത്തെ ചെറുകിട വ്യാപാരികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി.). ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും ഈ മാസം അവസാനത്തോടെ പുതിയ വില്‍പനമേള ആരംഭിക്കാനിരിക്കെയാണ് വ്യാപാരികള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ വിഷയം വാണിജ്യ മന്ത്രി പരിശോധിക്കണമെന്നും പ്രഖ്യാപിച്ച വില്‍പനമേളകള്‍ വിലക്കണമെന്നും ഈ കമ്ബനികളുടെ വ്യാപാര മാതൃക സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും സര്‍ക്കാരിനോട് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള വില്‍പനമേളകള്‍ സംഘടിപ്പിക്കുന്നതും വലിയ വിലക്കിഴിവുകള്‍ നല്‍കുന്നതും 2018 ലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന്റെ പച്ചയായ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ നേരത്തെ തന്നെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് സി.എ.ഐ.ടി കത്തെഴുതിയിരുന്നു.