പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം ജന്മദിനം അണികളും ആരാധകരും രാജ്യമെങ്ങും ആഘോഷിച്ചു. മോദി പതിവ് തെറ്റിക്കാതെ ഗാന്ധിനഗറിലെ വീട്ടില്‍ അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. 98 വയസായ അമ്മയ്ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം അമ്മയുടെ കാല്‍തൊട്ട് വണങ്ങി 501 രൂപ കൈനീട്ടവും വാങ്ങിയാണ് മോദി മടങ്ങിയത്. സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ‘നമാമി ദേവി നര്‍മ്മദാ’ മഹോത്സവത്തില്‍ പങ്കെടുത്ത അദ്ദേഹം സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമയും സന്ദര്‍ശിച്ചു
കേവാദിയ ശലഭോദ്യാനം സന്ദര്‍ശിച്ച് മോദി ശലഭങ്ങളെ പറത്തിവിട്ടു. കെവാദിയയിലെ നിരവധി സ്ഥലങ്ങളും ഖല്‍വാനി എക്കോ ടൂറിസം സൈറ്റും കള്ളിച്ചെടി ഉദ്യാനവും സന്ദര്‍ശിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മമതാബാനര്‍ജി തുടങ്ങി നിരവധി പ്രമുഖര്‍ മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ഭീമന്‍ കേക്കും സ്വര്‍ണ കിരീടവും
ന്യൂഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അര്‍ദ്ധരാത്രിയില്‍ ആര്‍ട്ടികള്‍ 370, 35 എ എന്നിങ്ങനെ എഴുതിയ ഭീമന്‍ കേക്ക് മുറിച്ചാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. ഭോപ്പാലില്‍ പ്രവര്‍ത്തകര്‍ 69 അടി നീളമുള്ള കേക്ക് മുറിച്ചു. വാരാണസിയില്‍ നിന്ന് അരവിന്ദ് സിംഗ് 1.25 കിലോയുടെ സ്വര്‍ണകിരീടം മോദിയുടെ പേരില്‍ സങ്കട് മോചന്‍ ക്ഷേത്രത്തിലെ ഹനുമാന് സമര്‍പ്പിച്ചു. മോദിയുടെ ജന്‍മദിനം ‘സേവാ സപ്താഹ്’ എന്ന പേരില്‍ സേവനവാരമായാണ് ബി.ജെ.പി ആഘോഷിക്കുന്നത്.
മോദിയുടെ ഭാര്യ യെശോദ ബെന്‍ പശ്ചിമ ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തില്‍ അദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.