കോവിഡിനെ പ്രതിരോധിച്ച രീതിയെ മോദി അഭിനന്ദിച്ചെന്ന് ട്രംപ്

വാഷിങ്ടൻ ∙ കോവിഡ് നാശം വിതച്ച അമേരിക്കയിൽ രോഗത്തെ പ്രതിരോധിക്കുന്നതിനും കൂടുതൽ മരണങ്ങൾ ഒഴിവാക്കുന്നതിന് ട്രംപ് സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി ഡൊണൾഡ് ട്രംപ്. നെവേഡയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് ഈക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയിൽ കോവിഡ് ടെസ്റ്റ് നടത്തിയതിനേക്കാൾ കൂടുതൽ ടെസ്റ്റുകളാണ് അമേരിക്കയിൽ നടത്തിയത്. എങ്ങനെയാണ് ഇത്രയും ടെസ്റ്റുകൾ നടത്താൻ കഴിഞ്ഞതെന്നും, അമേരിക്ക നല്ല രീതിയിലാണ് കോവിഡ് 19 നെതിരെ നടപടികൾ സ്വീകരിച്ചതെന്നും മോഡി പറഞ്ഞതായും, ട്രംപ് സമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ 14ന് ജോൺസ് ഹോപികിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട റിപ്പോർട്ടനുസരിച്ചു അമേരിക്കയിൽ 6520234 രോഗികളും 194081 മരണവും സംഭവിച്ചപ്പോൾ ഇന്ത്യയിൽ 4846427 രോഗികളും 79722 മരണവും സംഭവിച്ചിട്ടുണ്ട്. തന്റെ സ്ഥാനത്തു ബൈഡൻ ആയിരുന്നുവെങ്കിൽ മരണസംഖ്യ ഉയർന്നെനെ എന്നു ട്രംപ് ബൈഡനെതിരെ ഒളിയമ്പ് ചെയ്യാനും പ്രസംഗത്തിലൂടെ ശ്രമിച്ചിരുന്നു.