അഡ്വ. ഉദയഭാനുവിന്റെ വീട്ടില്‍ 1.30 കോടി കൈമാറിയ രേഖ കിട്ടി

udhayabhanu

ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വസ്തു ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തി. ഉദയഭാനുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

റെയ്ഡില്‍ പൊലീസ് കണ്ടെടുത്തത് 1.30 കോടി രൂപ കൈമാറിയതിന്റെ രേഖകളാണ്. രണ്ട് കംപ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധനയ്ക്ക് ഇവ വിധേയമാക്കും. കംപ്യൂട്ടറില്‍ നിന്ന് വസ്തു ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നീക്കംചെയ്തിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്.

കേസില്‍ സിപി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് കഴിഞ്ഞ ദിവസം പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുത്തതിനു ശേഷം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.