Tuesday, April 16, 2024
HomeNationalജലന്ധറില്‍ തിരിച്ചെത്തിയ ഫ്രാങ്കോ മുളയ്ക്കലിന് സ്വീകരണം;ആഘോഷമായ കുര്‍ബാനയും വിരുന്നും

ജലന്ധറില്‍ തിരിച്ചെത്തിയ ഫ്രാങ്കോ മുളയ്ക്കലിന് സ്വീകരണം;ആഘോഷമായ കുര്‍ബാനയും വിരുന്നും

നാലരയ്ക്ക് ആഘോഷമായ കുര്‍ബാനയും വിരുന്നും

പീഡന കേസില്‍ ജാമ്യം നേടി ജലന്ധറില്‍ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വലിയ സ്വീകരണം. നാലരയ്ക്ക് ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് പങ്കെടുക്കുന്നവര്‍ക്കെല്ലാം വിരുന്നും ഒരുക്കി .മലയാളികള്‍ നേതൃത്വം നല്‍കുന്ന ഒരു കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിലാണ് ബിഷപ്പിന് സ്വീകരണം നല്‍കുന്നത്. എല്ലാവരും നാലു മണിയോടെ പുഷ്പങ്ങളുമായി ഹോട്ടലിനു സമീപത്തേക്ക് എത്തണമെന്നാണ് സംഘാടകര്‍ നേരെത്തെ തന്നെ നിര്‍ദേശം നല്‍കിയിരിന്നു.

വാദ്യമേളങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം

ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് സ്വീകരണം നൽകാൻ തീരുമാനമെടുത്ത്. സ്വീകരണ പരിപാടികളില്‍ വാദ്യമേളങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ബിഷപ്പിന് ജാമ്യം കിട്ടിയതോടെ വാദ്യമേളങ്ങളോടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയത് അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ ഗ്രേഷ്യസിന്റെ അതൃപ്തിക്ക് ഇടയാക്കിയതും അവരെ വൈദികര്‍ താക്കീത് ചെയ്തതും കണക്കിലെടുത്താണ് വാദ്യമേളങ്ങൾ ഒഴിവാക്കാന്‍ തീരുമാനിച്ചത്. 22 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ബിഷപ്പ് ജയിലിന് പുറത്തിറങ്ങിയത്. പ്രതികരണം തേടി പുറത്ത് കാത്തു നിന്നിരുന്ന മാധ്യമ പടയ്ക്കു പിടികൊടുക്കാതെ, ജയില്‍ കവാടത്തിനടുത്ത് തന്നെ കാത്തു കിടന്ന ഇന്നോവ കാറില്‍ പൊലീസ് സഹായത്തോടെ കയറി അതിവേഗം ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥലം വിട്ടു.

കര്‍ശന ഉപാധികളോടെയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

ബിഷപ്പിന് പിന്തുണയുമായി ഏതാനും വിശ്വാസികള്‍ കൊന്തയുമേന്തി ജയിലിന് പുറത്ത് പ്രാര്‍ത്ഥനയോടെ നിലയുറപ്പിച്ചിരുന്നു. ജയിലില്‍ നിന്നിറങ്ങുന്ന ബിഷപ്പിനെ കാണാന്‍ ജനങ്ങളും പുറത്ത് കാത്തുനിന്നിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു ബിഷപ്പ് ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്നത്. കര്‍ശന ഉപാധികളോടെയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 24 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡ് തടവുകാരനായി പാലാ സബ് ജയിലില്‍ എത്തുന്നത്.

പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലെ തടവുകാരൻ വീണ്ടും ജലന്ധറിൽ

ജലന്തര്‍ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ്സ് സന്യാസിനീ സമൂഹത്തില്‍പ്പെട്ട കുറവിലങ്ങാട് മണ്ണയ്ക്കനാട്ട് മഠത്തിലെ ഒരു കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡു ചെയ്തത്. 21ന് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട ശേഷം 24 നാണ് ബിഷപ്പിന്റെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി റിമാന്‍ഡ് ഉത്തരവായത്. ഇതിനിടെ രണ്ട് തവണ ബിഷപ്പിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു. പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ 5968 നമ്പര്‍ തടവുകാരനായിരുന്നു ഫ്രാങ്കോ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments