പാലാരിവട്ടം മേല്‍പാല നിര്‍മാണ അഴിമതി കേസില്‍ മൂന്ന് പ്രതികളുടെ റിമാന്റ് കാലാവധി ഈ മാസം 31 വരെ നീട്ടി

palarivattom

പാലാരിവട്ടം മേല്‍പാല നിര്‍മാണ അഴിമതി കേസില്‍ റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പെടെയുള്ള മൂന്ന് പ്രതികളുടെ റിമാന്റ് കാലാവധി ഈ മാസം 31 വരെ നീട്ടി.

എറണാകുളത്ത് നടന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതി ക്യാംപ് സിറ്റിംഗിലാണ് വിജിലന്‍സ് ജഡ്ജി ഡോ.ബി കലാം പാഷ റിമാന്റ് നീട്ടിയത്.ടി ഒ സൂരജ് അടക്കമുള്ള പ്രതികളെ മൂവാറ്റുപുഴ സബ്ജയില്‍ നിന്നും ക്യാംപ് സിറ്റിംഗില്‍ ഹാജരാക്കിയിരന്നു.

സൂരജിനെക്കൂടാതെ കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം പാലം നിര്‍മാണ കരാര്‍ എടുത്ത ആര്‍ഡിഎസ് കമ്പനി എം ഡി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം. ടി തങ്കച്ചന്‍ എന്നിവരുടെ റിമാന്റാണ് നീട്ടിയത്.

മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി കേസ് വിജിലന്‍സ് അന്വേഷിക്കട്ടെ എന്ന് ടിഒ സൂരജ് പറഞ്ഞു.പാലാരിവട്ടം മേല്‍പാല നിര്‍മാണ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലന്ന് ടി ഒ സൂരജ് പറഞ്ഞു.അതേ സമയം കേസിലെ രണ്ടാ പ്രതിയായ എം ടി തങ്കച്ചനും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

നേരത്തെ ജാമ്യാപേക്ഷ തള്ളിയ ടി ഒ സൂരജും കഴിഞ്ഞ ദിവസം വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് ഈ മാസം 22 ന് കോടതി പരിഗണിക്കുന്നുണ്ട്. തങ്കച്ചന്റെ ജാമ്യാപേക്ഷയും അന്നു പരിഗണിച്ചേക്കുമെന്നാണ് സൂചന