‘ പ്രൊഫ. ജോളി ‘ പ്രീ ഡിഗ്രി പോലും പാസ്സായിട്ടില്ല !

JOLLY

കൂടത്തായി കൊലക്കേലസ് പ്രതി ജോളി 14 വര്‍ഷമാണ് എന്‍ഐടി ജീവനക്കാരിയെന്ന വ്യാജേന കൂടത്തായിയിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയിരുന്നത്. നാട്ടുകാരേയും വീട്ടുകാരേയും കബളിപ്പിക്കാന്‍ എന്‍ഐടിയുടെ വ്യാജ ഐ‍ഡന്‍റിറ്റി കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു.

എന്‍ഐടിക്ക് സമീപം ജോളി സ്ഥിരമായി വരാറുള്ള ചില കേന്ദ്രങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഒരു ബ്യൂട്ടിപാര്‍ലര്‍, തയ്യല്‍ക്കട, എന്‍ഐടി കാന്‍റീന്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി പോകാറുണ്ടെന്ന് ജോളി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 14 വര്‍ഷം എന്‍ഐടി പ്രൊഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

റോയി തോമസുമായുള്ള വിവാഹത്തിന് ശേഷം കട്ടപ്പനയില്‍ നിന്നും കൂടത്തായിയിലെത്തിയ ജോളി ജോസഫ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത് താന്‍ എംകോം ബിരുധ ധാരിണിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാനാ വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പാലായിലെ പാരലല്‍ കോളേജില്‍ ജോളി ബി. കോമിന് ചേര്‍ന്നിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ജോളിയുടെ ബി. കോം പഠനം. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണ് ബി. കോമിന് ചേര്‍ന്നതെന്ന് സംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പാലായിലെ പാരലല്‍ കോളേജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളേജിലാണ് ഡിഗ്രി പഠനമെന്നാണ് ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

എന്‍ഐടി അധ്യാപികയായി വേഷമിടുന്നതിന് മുന്‍പ് ഒരു വര്‍ഷം ബിഎഡിന് ചേര്‍ന്നെന്ന പേരിലും ജോളി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയിരുന്നു. വിവാഹം കഴിഞ്ഞ് കൂടത്തായിയില്‍ എത്തിയതിന് ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന് കാര്യവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

എന്‍ഐടി ജോലിക്കെന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങിയ ജോളി ആറുമാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്സിനും ബ്യൂട്ടീഷന്‍ കോഴ്സിനും ചേര്‍ന്നിരുന്നതായി പോലീസിന് സംശയമുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് മുമ്ബേ പൊന്നാമറ്റം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം ചില സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്‍റെ ആധികാരികത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്‍ഐടി ജീവനക്കാരിയാണെന്നായിരുന്നു രണ്ടാം ഭര്‍ത്താവ് ഷാജുവിനോടും ജോളി പറഞ്ഞിരുന്നത്. ജോളി എന്‍ഐടി കാന്‍റീനില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നെന്ന് കാന്‍റീന്‍ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. കാന്‍റീനില്‍ ഇടയ്ക്കിടെ എത്തിയിരുന്നു. കൂടുതലും ഒറ്റക്കാണ് കണ്ടിരുന്നത്. ജോളി എന്‍ഐടി ജീവനക്കാരിയാണോ അല്ലയോ എന്നും അറിയില്ലെന്നും കാന്‍റീന്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.

റോയിയുടെ മരണത്തിന് ശേഷമാണ് ജോളിയുടെ എന്‍ഐടി ജോലിയെക്കുറിച്ച്‌ കുടുംബാംഗങ്ങള്‍ക്ക് ആദ്യമായി സംശയം തോന്നിയതെന്നാണ് റോയിയുടെ സഹോദരി റെഞ്ചി മൊഴി നല്‍കിയിരിക്കുന്നത്. റോയി തോമസ് മരിച്ചപ്പോള്‍ എന്‍ഐടിയില്‍ നിന്ന് ആരും വന്നിരുന്നില്ല. അപ്പോഴാണ് ജോലിയെ സംബന്ധിച്ച്‌ ആദ്യമായി സംശയങ്ങള്‍ തോന്നിയതെന്നും റെഞ്ചി വ്യക്തമാക്കിയിരുന്നു.

റോയിയുടെ മരണശേഷം ജോളി അറിയാതെ എന്‍ഐടി ജോലിക്കാര്യം സഹോദരന്‍ റോജോ അന്വേഷിച്ചു. ജോലി നഷ്ടപ്പെട്ടുവെന്നാണ് അക്കാലയളവില്‍ ജോളി പറഞ്ഞത്. റോജോ അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒരു വ്യക്തി അവിടെ ഇല്ലെന്ന് തിരിച്ചറിഞ്ഞു. തങ്ങള്‍ അന്വേഷണം നടത്തിയ കാര്യം ജോളി മനസ്സിലാക്കിയിരുന്നെന്നും റെഞ്ചി പറഞ്ഞു.

എം.കോം ബിരുദധാരിയായ ജോളി ജോലിക്ക് ശ്രമിക്കണമെന്ന് അന്നമ്മ നിര്‍ബന്ധം പിടിച്ചിരുന്നു. ബിരുദാന്തര ബിരുദം ഉള്ളതിനാല്‍ ജോളി യുജിസി നെറ്റ് യോഗ്യതയ്ക്ക് ശ്രമിക്കണമെന്നായിരുന്നു അന്നമ്മയുടെ പ്രധാന നിര്‍ദ്ദേശം. തനിക്ക് എം. കോമിന് 50 ശതമാനം മാര്‍ക്ക് മാത്രമേ ഉള്ളുവെന്നും നെറ്റ് എഴുതാന്‍ 55 ശതമാനം മാര്‍ക്ക് വേണമെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ജോളിയെ വെറുതെ വിടാന്‍ അന്നമ്മ തയ്യാറായിരുന്നില്ല.

ഇംപ്രൂവ്മെന്‍റ് പരീക്ഷയിലൂടെ 55 ശതമാനം മാര്‍ക്ക് നേടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. അന്നമ്മ വിടില്ലെന്ന് മനസ്സിലാക്കിയ ജോളി പരിക്ഷാ തയ്യാറെടുപ്പിന് കോഴിക്കോട്ടെ ഒരു പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്നെന്നും പറഞ്ഞും വെറുതെ വീട്ടില്‍ നിന്ന് ഇറങ്ങി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പുസ്തകങ്ങള്‍ സംഘടിപ്പിച്ച്‌ വീട്ടിലും പഠന നാടകം നടത്തി.

പിന്നീട് പരീക്ഷ എഴുതിയെന്നും 55 ശതമാനം മാര്‍ക്ക് കിട്ടിയെന്നും പറഞ്ഞു. യുജിസി നെറ്റ് പരീക്ഷയെഴുതി ജെആര്‍എഫ് കിട്ടിയെന്നായി ജോളിയുടെ അടുത്ത കള്ളം. ഈ സമയങ്ങളിലെല്ലാം സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും മറ്റാരും കാണാതിരിക്കാന്‍ ജോളി ശ്രദ്ധിച്ചിരുന്നു. ജെആര്‍എഫ് കിട്ടിയെന്ന കള്ളം പറഞ്ഞതോടെ ജോലിക്ക് ശ്രമിക്കണമെന്ന അന്നമ്മയുടെ ആവശ്യം ശക്തമായി.