Monday, October 14, 2024
Homeപ്രാദേശികംകോന്നി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിലേക്ക്; പ്രസരിപ്പും ഊർജവും കൈമോശം വരുത്താതെ പി. മോഹൻരാജ്

കോന്നി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിലേക്ക്; പ്രസരിപ്പും ഊർജവും കൈമോശം വരുത്താതെ പി. മോഹൻരാജ്

കോന്നി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴും വോട്ട് തേടുന്നതിലെ പ്രസരിപ്പും ഊർജവും കൈമോശം വരുത്താതെ യുഡിഎഫ് സ്ഥാനാർഥി പി. മോഹൻരാജ് . ഇന്നലെ സീതത്തോട് പഞ്ചായത്തിലെ പര്യടനം കെഎസ്‌യു സംസ്ഥാന മുൻ പ്രസിഡന്റ് കെ.എസ്. ജോയി ഉദ്ഘാടനം ചെയ്തു.

യാത്രയ്ക്ക് ചൂട് പകർന്ന് ആന്റോ ആന്റണി എംപിയും സ്ഥാനാർഥിയെ അനുഗമിച്ചു. മോഹൻരാജിനു വേണ്ടി വോട്ടഭ്യർഥിച്ച് എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളും വ്യാപാരസ്ഥാപനങ്ങളിലെത്തി സ്നേഹം പങ്കിട്ടു. വഴിയാത്രക്കാരോടും വാഹനയാത്രക്കാരോടും വോട്ട് തേടി.

വാലുപാറയിൽ പള്ളിപ്പടിയിൽ ഉച്ചവെയിലിനെ വക വയ്ക്കാതെ സ്ത്രീകളും പുരുഷന്മാരും കാത്തു നിന്നു ഹാരമണിയിച്ചു. ഊന്നുവടിയുടെ കൈതാങ്ങിൽ ജംക്‌ഷനിലെത്തിയ വല്യേത്തു പറമ്പിൽ സൂസമ്മ ചെറിയാൻ (77) സ്ഥാനാർഥിയെ കണ്ട മാത്രയിൽ തന്നെ കെട്ടിപ്പിടിച്ചു ചുംബനം നൽകി. കെഎസ്ആർടിസി ബസിലെ യാത്രക്കാരോടും വോട്ട് നൽകണമെന്നഭ്യർഥിച്ചു.

അടൂർ പ്രകാശ് എന്ന വികസന നായകൻ കോന്നി മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ച സ്വപ്നങ്ങൾ സഫലമാക്കാനും ഗവി ഉൾപ്പെടെയുള്ള ഇവിടുത്തെ വിനോദ സഞ്ചാര മേഖലകളെ നാടിന്റെ മുതൽക്കൂട്ടാക്കി മാറ്റാനും ഒരു കുടുംബാംഗമായി കണ്ട് വോട്ടേകി അനുഗ്രഹിക്കണമെന്ന് ആങ്ങമൂഴിയിൽ സ്ഥാനാർഥി പ്രസംഗിക്കുമ്പോൾ ഗവിക്കുള്ള കെഎസ്ആർടിസി ബസിൽ നിന്ന് കയ്യടി ഉയർന്നു.

സ്ഥാനാർഥി ഓടിയെത്തി ബസിൽ കയറുമ്പോൾ തങ്കമ്മ എന്ന ആദ്യകാല പ്രവർത്തക പ്രാർഥിക്കുകയായിരുന്നു, സ്ഥാനാർഥി കൈപിടിച്ചുയർത്തുമ്പോൾ തങ്കമ്മയുടെ കണ്ണുകൾ നിറഞ്ഞു. പര്യടനത്തിന് രാത്രിയിൽ സീതത്തോട്ടിൽ സമാപനമായി. ഇന്ന് വിവിധ പ്രദേശങ്ങളിൽ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments