സമാന്തര മാധ്യമ പ്രവര്‍ത്തനത്തിന് സാദ്ധ്യതകൾ ഏറെ – വീണ ജോർജ് എംഎൽഎ

കുത്തകകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബദലായി സമാന്തര മാധ്യമ പ്രവര്‍ത്തനത്തിന് ഇന്ത്യയില്‍ ഏറെ സാധ്യതകളുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മാധ്യമ ദിനാചരണത്തിന്റ ഭാഗമായി പിആര്‍ഡിയുടെയും പത്തനംതിട്ട പ്രസ് ക്ളബിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാധ്യമ സ്വാതന്ത്യ്രം ഇന്ത്യയില്‍ വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പത്രമുതലാളിമാരുടെ താല്‍പര്യാര്‍ഥമുള്ള വാര്‍ത്തകള്‍ മാത്രമേ പലപ്പോഴും വെളിച്ചം കാണാറുള്ളു. ഇത്തരത്തില്‍ പ്രസിദ്ധീകൃതമാകുന്നതാകട്ടെ വായനക്കാര്‍ അല്ലെങ്കില്‍ കാഴ്ചക്കാര്‍ ഏറെയുള്ള ക്രൈം വാര്‍ത്തകളും. ഇതിന് മാറ്റം വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. സമൂഹത്തിന് ആവശ്യമുള്ളതും പ്രയോജനകരവുമായ കാര്യങ്ങള്‍ക്ക് വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തീര്‍ച്ചയായും സമാന്തര മാധ്യമ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധിക്കൂവെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

പ്രസ് ക്ളബ് സെക്രട്ടറി ബിജു കുര്യന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തി. മാധ്യമങ്ങള്‍ക്ക് ജുഡീഷ്യറിയുടെ സ്ഥാനമാണ് ജനങ്ങള്‍ നല്‍കുന്നതെന്നും കുറ്റക്കാര്‍ വാര്‍ത്തകളെ ഭയത്തോടെ നോക്കിക്കാണുന്നത് ഈ രംഗത്തെ പ്രാധാന്യമുള്ളതാക്കി തീര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം ജെ ബാബു വിഷയാവതരണം നടത്തി. മാധ്യമ പ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് പോകുന്നത്. തൊഴില്‍ ചെയ്യാനുള്ള അവകാശം പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ 2016 ജനുവരി മുതല്‍ ഇതുവരെ 54 മാധ്യമപ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയായി. പ്രതിസന്ധിയിലുടെയാണ് മാധ്യമങ്ങള്‍ പോകുന്നതെങ്കിലും മാധ്യമങ്ങളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നത് വാര്‍ത്തകളിലെ വിശ്വാസ്യത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ളബ് ജോയിന്റ് സെക്രട്ടറി അരുണ്‍ എഴുത്തച്ഛന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സജിത് പരമേശ്വരന്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി ആര്‍ സാബു സ്വാഗതവും പ്രസ്ക്ളബ് ട്രഷറര്‍ എസ് ഷാജഹാന്‍ നന്ദിയും പറഞ്ഞു.