അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരൂച്ചാല്‍ പാലം പൂർത്തീകരണത്തിലേക്ക്

peroorchal palam

എല്ലാ കടമ്പകളും കടന്നു, അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന  പേരൂച്ചാല്‍ പാലം പൂർത്തീകരണത്തിലേക്ക് ;  പാലത്തിന്റെ അവസാന സ്ളാബിന്റെ കോണ്‍ക്രീറ്റിങ് ശനിയാഴ്ച നടന്നതോടെ പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നു. പാലത്തിന്റെ അബട്ട്മെന്റിനോട് ചേര്‍ന്നുള്ള ഭാഗം മണ്ണിട്ട് മൂടുന്നതോടെ പാലംപണി പൂര്‍ത്തിയാകും. ഇതിന് ഓരാഴ്ച സമയം കൂടി വേണം. ഇതോടെ ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്ര പേരൂച്ചാല്‍ പാലത്തിലൂടെ കടന്നുപോകുന്ന കാര്യം ഏതാണ്ട് ഉറപ്പായി. ശനിയാഴ്ച രാജു ഏബ്രഹാം എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് ഉടനടി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പമ്പാ നദിയില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചാണ് തിരുവാഭരണ ഘോഷയാത്ര എല്ലാ വര്‍ഷവും കടന്നുപൊയ്ക്കൊണ്ടിരുന്നത്. അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരൂച്ചാല്‍ പാലത്തിന്റെ നിര്‍മാണം ഏറെ നാള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഈ പഞ്ചായത്തുകള്‍ കൂടി റാന്നി നിയോജകമണ്ഡലത്തിന്റെ ഭാഗമായതോടെയാണ് മുടങ്ങിക്കിടന്ന പാലം നിര്‍മാണത്തിന് വീണ്ടും സാധ്യത തെളിഞ്ഞത്. 2009 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 5.56 കോടി രൂപ പാലം നിര്‍മാണത്തിന് അനുവദിച്ചു. എന്നാല്‍, പിന്നീട് പാലത്തിന്റെ ഡിസൈനില്‍ മാറ്റം വന്നതോടെ എസ്റ്റിമേറ്റ് തുക 6.90 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ഈ തുകയില്‍ പാലം നിര്‍മാണം മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളു.

ശബരിമല തിരുവാഭരണ ഘോഷയാത്ര പോകേണ്ട പാലം എന്ന നിലയില്‍ അപ്രോച്ച് റോഡുകളുടെ പണികള്‍ക്കായി ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് കത്തുനല്‍കിയിരുന്നു. പ്രീ സ്ട്രെച്ച്ഡ് രീതിയിലുള്ള പാലം നിര്‍മാണം പുരോഗമിക്കുമ്പോഴാണ് പാലത്തിനായി ആദ്യം നിര്‍മിച്ച നദിയിലെ രണ്ട് തൂണുകളുടെ അടിത്തറകള്‍ക്ക് ബലക്ഷയം കണ്ടത്. തുടര്‍ന്ന് അപ്രോച്ച് റോഡിനും പാലത്തിന്റെ ബലക്ഷയം സംഭവിച്ച തൂണുകളുടെ അടിത്തറ ബലപ്പെടുത്തുന്നതിനുമായി 180 ലക്ഷം രൂപയ്ക്കാണ് ധനകാര്യ വകുപ്പ് അനുമതി നല്‍കിയത്.