പമ്പയിലെ ‘പൂങ്കാവനം’ ശില്‍പ്പാവിഷ്‌ക്കാരം: ഉദ്ഘാടനം ഇന്ന് (18ന്

കാനനവാസനായ അയ്യപ്പന്റെ ജനനവും പുണ്യനദിയായ പമ്പയും ഒക്കെ ഉള്‍പ്പെടുന്ന മനോഹരമായ ശില്‍പ്പാവിഷ്‌ക്കാരം പമ്പയില്‍ ബഹു ടൂറിസം-സഹകരണം-ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസുവിന്റെ സാന്നിധ്യത്തില്‍ ഇന്ന് (ഡിസംബര്‍ 18ന്) വൈകീട്ട് അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും. ദേവസ്വംബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രശസ്ത സിനിമാ-കലാസംവിധായകനായ അനില്‍ കുമ്പഴയാണ് പമ്പയിലെ ഈ ശില്‍പ്പാവിഷ്‌ക്കാരം യാഥാര്‍ഥ്യമാക്കിയത്. പമ്പയില്‍ നിന്ന് തീര്‍ഥാടനവഴിയായ ഗണപതി കോവിലിലേക്ക് പോകുംവഴിയാണ് കാഴ്ചയ്ക്ക് കൗതുകകരമായ ശില്‍പ്പാവിഷ്‌ക്കാരം സ്ഥിതിചെയ്യുന്നത്. ശബരിമലയില്‍നിന്ന് ഉത്ഭവിക്കുന്ന പമ്പയാറും മണികണ്ഠനെ പന്തളം രാജാവിന് ലഭിച്ച കാനനപശ്ചാത്തലവും, പര്‍ണ്ണശാലയും, മണികണ്ഠന്റെ സന്തതസഹചാരികളായ പുലികളും അടങ്ങുന്ന ശില്‍പ്പാവിഷ്‌ക്കാരമാണ് ഇവിടെ തീര്‍ഥാടകര്‍ക്ക് കാണാവുന്നത്. തീര്‍ഥാടകരില്‍ പ്രത്യേകിച്ച് കുട്ടികള്‍ക്ക് മണികണ്ഠന്റെ ജനന സംബന്ധമായ കഥ പ്രതിപാദിക്കുന്ന തരത്തിലാണ് ശില്‍പ്പാവിഷ്‌ക്കാരം സജ്ജമാക്കിയിട്ടുള്ളത്.