ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് ജില്ലയില്‍ വന്‍ സ്വീകരണം നല്‍കും

citi news live

കേരളനിയമസഭയും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരതാസന്ദേശയാത്രയ്ക്ക് ജില്ലയില്‍ വന്‍ സ്വീകരണം നല്‍കാനൊരുങ്ങി ജില്ലാ സാക്ഷരതാമിഷന്‍. സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി 101 അംഗ സംഘാടകസമിതിയെ ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, രാജു എബ്രഹാം, അടൂര്‍ പ്രകാശ് എന്നിവര്‍ രക്ഷാധികാരികളായും തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍,പന്തളം നഗരസഭ അധ്യക്ഷ ടി.കെ സതി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും സാക്ഷാരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു കണ്‍വീനറുമായതാണ് 101 അംഗ സംഘാടകസമിതി. ഭരണഘടനയെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുക, ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, ഭരണഘടന സാക്ഷരത പരിപാടിയില്‍ ജനങ്ങളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. ഈ മാസം 14ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച ഭരണഘടന സാക്ഷരതാ സന്ദേശയാത്രയ്ക്ക് 23ന് രാവിലെ 9:30ന് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ (പൊയ്കയില്‍ അപ്പച്ചന്‍ നഗര്‍)സ്വീകരണം നല്‍കും. 101 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ താളമേളങ്ങളോടെ സ്വീകരിക്കുന്ന സന്ദേശയാത്രയ്ക്ക് ജില്ലാ ഭരണകൂടവും നഗരസഭയും വിവിധ വകുപ്പുകളും സ്വീകരണം നല്‍കും. തുടര്‍ന്ന് 11:30 ന് പന്തളത്ത് എത്തിച്ചേരുന്ന യാത്രയ്ക്ക് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം (ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നഗര്‍) സ്വീകരണം നല്‍കും. സ്വീകരണ പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനായി നാളെ (19ന്) രാവിലെ 10:30ന് തിരുവല്ല മുനിസിപ്പല്‍ ഓഫീസിലും, ഉച്ചകഴിഞ്ഞ് രണ്ടിന് പന്തളം മുനിസിപ്പല്‍ ഓഫീസിലും പ്രാദേശിക സംഘാടക സമിതി യോഗം നഗരസഭാ അധ്യക്ഷന്മാരുടെയും തദ്ദേശഭരണ സ്ഥാപന മേധാവികളുടേയും നേതൃത്വത്തില്‍ ചേരും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, ജില്ലാ സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി. മുരുകദാസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, സാക്ഷരതാമിഷന്‍ പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.