ഭാര്യയും മൂന്നു കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍, പിതാവ് അറസ്റ്റില്‍

ഫ്‌ളോറിഡ: ഭാര്യ മെഗന്‍ (42, മക്കളായ അലക്‌സ് (13, ടയ്‌ലര്‍ (11), സോയി (4) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ മെഗന്റെ ഭര്‍ത്താവും, കുട്ടികളുടെ പിതാവുമായ ആന്റണി ടോഡിനെ (44) ജനുവരി 13-നു തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഷെരീഫ് റസ്സ് ഗിബ്‌സണ്‍ ജനുവരി 15-നു ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 6-നാണ് കുടുംബാംഗങ്ങളെ കാണാനില്ല എന്ന പരാതി പോലീസിനു ലഭിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഡിസംബര്‍ അവസാന വാരം മുതല്‍ ഇവരുടെ മൃതദേഹങ്ങള്‍ ഇവിടെ ഉണ്ടായിരുന്നിരിക്കാം എന്നാണ് പോലീസ് നല്‍കുന്ന സൂചന. കാണാതായ ഇവരെ കണ്ടെത്തുന്നതിനു കുടുംബാംഗങ്ങള്‍ ഫേസ് പേജ് ഓപ്പണ്‍ ചെയ്തിരുന്നു.

ബുധനാഴ്ച ഓഷിയാല കൗണ്ടി ജയിലില്‍ അടച്ച പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടില്ല. പോലീസുമായി പ്രതി സഹകരിക്കുന്നുണ്ട്. ഇയാള്‍ക്കെതിരേ കൊലപാതകത്തിനു കേസ് എടുത്തിട്ടുണ്ട്.

ഡിസ്‌നി വേള്‍ഡിനു സമീപം വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇവരെക്കുറിച്ച് സമീപവാസികള്‍ക്ക് നല്ല അഭിപ്രായമായിരുന്നു.

കണക്ടിക്കട്ടില്‍ നിന്നു ഈയിടെയാണ് ഇവര്‍ ഫ്‌ളോറിഡയിലെ ഡിസ്‌നിക്കു സമീപമുള്ള വീട്ടിലേക്ക് താമസം മാറ്റിയത്.

2008 മുതല്‍ ഈസ്റ്റ് ഹാംപ്ടണില്‍ ഫാമിലി ഫിസിക്കല്‍ തെറാപ്പി സ്ഥാപനം നടത്തുകയായിരുന്നു ആന്റണിയും മെഗനും. ഫിസിക്കല്‍ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദമുള്ള മെഗന്‍ സര്‍ട്ടിഫൈഡ് യോഗാ ഇന്‍സ്ട്രക്ടര്‍ കൂടിയാണ്.