വാഷിംഗ്ടണ്‍ ഡിസി: തരന്‍ജിത് സിംഗ് സന്ധുവിനെ യുഎസിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി നിയമിക്കും. യുഎസിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹര്‍ഷവര്‍ധന്‍ ഷ്രിംഗലെയെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ച ഒഴിവിലാണ് പുതിയ നിയമനം.
വിദേശകാര്യ മന്ത്രാലയത്തില്‍ പ്രധാന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. തരന്‍ജിതിനെ യുഎസിലേക്കും ജാവേദ് അഷ്‌റഫിെന ഫ്രാന്‍സിലേക്കും രവീഷ് കുമാറിനെ ഓസ്ട്രിയയിലേക്കും അംബാസിഡര്‍മാരായി നിയമനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ ഹൈക്കമ്മീഷണറായി ചുമതല നിര്‍വഹിച്ചു വരികയാണ് തരണ്‍ജിത് സിംഗ്. ഈ മാസാവസാനത്തോടെ റിട്ടയര്‍ ചെയ്യുന്ന ഹര്‍ഷവര്‍ധന്റെ സ്ഥാനം തരണ്‍ജിത് ഏറ്റെടുക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
പഞ്ചാബില്‍ ജനിച്ച തരണ്‍ജിത് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നാണ് ഗ്രാജ്വേറ്റ് ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1988 ല്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ച തരണ്‍ജിത് യുഎന്‍ പീസ്കീപ്പിങ്ങ് കമ്മിറ്റി അംഗമായും ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലര്‍ ജനറലായും, യുണൈറ്റഡ് നേഷന്‍സ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ റീനറ്റ് സന്ധുവാണ് ഭാര്യ. രണ്ടു കുട്ടികളും ഉണ്ട്.