സ്റ്റാലിന്‍ അറസ്റ്റില്‍

സ്റ്റാലിന്‍ അറസ്റ്റില്‍

തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ട് നേടിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ സ്പീക്കര്‍ ഏകപക്ഷീയമായി പെരുമാറിയെന്ന ആരോപണമുന്നയിച്ച് പ്രതിഷേധിച്ച ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ അറസ്റ്റില്‍. വിശ്വാസ വോട്ടെടുപ്പിനിടയിൽ സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് നിരാഹാര സമരം തുടങ്ങിയ പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ അറസ്റ്റില്‍. ഡിഎംകെ എംഎല്‍എമാരും അറസ്റ്റിലായിട്ടുണ്ട്.

ചെന്നൈ മറീന ബീച്ചിലെ ഗാന്ധിപ്രതിമക്ക് സമീപമായിരുന്നു സമരം. മറീനയില്‍ സമരത്തിന് അനുമതി നല്‍കാനാവില്ലെന്നു പറഞ്ഞാണ് പൊലീസ് നടപടി. നേരത്തെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച ഡിഎംകെ സംഘം സഭയില്‍ തങ്ങള്‍ക്ക് നേരെയുണ്ടായ അനീതി സംബന്ധിച്ച് രേഖാമൂലം പരാതി നല്‍കി. സഭക്കകത്ത് കയറിയ പൊലീസ് തങ്ങളെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. തുടര്‍ന്നാണ് മറീനയില്‍ സമരം ആരംഭിച്ചത്.

വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി സ്പീക്കറുടെ നിര്‍ദേശപ്രകാരം സ്റ്റാലിനെയും മറ്റു ഡിഎംകെ എംഎല്‍എമാരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സഭയില്‍നിന്നു പുറത്താക്കിയിരുന്നു. കീറിയ ഉടുപ്പുമായി സഭയില്‍നിന്ന് പുറത്തിറങ്ങിയ സ്റ്റാലിന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് പറഞ്ഞിരുന്നു.കീറിയ വസ്ത്രങ്ങളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള ശ്രമം പരമാവധി ജനപിന്തുണ സമാഹരിക്കാൻ ഉദ്ദേശിച്ചായിരുന്നു. ഈ നീക്കം പൊലീസ് തടഞ്ഞതോടെയാണ് അദ്ദേഹം ഇതേ വേഷത്തിൽ രാജ്ഭവനിലേക്കു നീങ്ങിയതും. തുടർന്ന് തമിഴ് രാഷ്ട്രീയത്തിലെ സമകാല ചലനങ്ങളുടെ കേന്ദ്രബിന്ദുവായ മറീനബീച്ചിലേക്ക് നിരാഹാരത്തിനായി പോയതും.

പളനി സാമിക്ക് എത്രകാലം ഭരിക്കുവാൻ കഴിയുമെന്ന് പളനി സാമിക്ക് പോലും നിശ്ചയമില്ലാത്ത പശ്ചാത്തലത്തിൽ അധികം താമസിക്കാതെ സംഭവിക്കാവുന്ന നിയമ സഭ തിരഞ്ഞെടുപ്പിന് ഊർജ്ജം സംഭരിക്കുകയായിരുന്നു സ്റ്റാലിന്റെ ലക്‌ഷ്യം.