ഡാലസ്: പ്രണയദിനം അവിസ്മരണീയമാക്കി ഡാലസ് കൗണ്ടി ജയിലിലെ വനിതാ തടവുകാര്‍. വിവിധ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട വനിതകള്‍ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയില്‍ ജീവനക്കാരും മറ്റു തടവുകാരും നൃത്തം
ശരിക്കും ആസ്വദിച്ചു. വണ്‍ ബില്യന്‍ റൈസിങ് ക്യാംപയിന്റെ ഭാഗമായി സ്ത്രീകളെ അക്രമം കൊണ്ടു കീഴടക്കാനോ പരാജയപ്പെടുത്താനോ സാധ്യമല്ലെന്നു പ്രചരിപ്പിക്കുന്നതിനായിരുന്നു ജയിലില്‍ ഇങ്ങനെയൊരു നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് തടവുകാരികളില്‍ ഒരാള്‍ പ്രതികരിച്ചു.
സ്ത്രീയോ പുരുഷനോ നിറമോ മതമോ വ്യത്യസ്തമില്ലാതെ പീഡനം എന്നത് പീഡനം തന്നെയാണെന്നും ഇത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഏലിയ സാഞ്ചസ് പറഞ്ഞു. ലോകത്തു മൂന്നിലൊന്നു വനിതകള്‍ വീതം ആക്രമിക്കപ്പെടുകയോ ലൈംഗിക പീഡനത്തിന് ഇരയാകുകയോ ചെയ്യുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
ഫെബ്രു 14 വെളളിയാഴ്ച ഈ നൃത്തപരിപാടി സംഘടിപ്പിച്ചത് ജയിൽ വിമോചിതരായി പുറത്തു കടക്കുന്ന വനിതാ തടവുകാര്‍ക്ക് വീണ്ടും സമൂഹവുമായി ഒത്തു ചേരുന്നതിനും ഭാവി ജീവിതത്തിൽ വിജയ സാധ്യത വര്‍ധിപ്പിക്കുന്നതിനും ഇടയാകുമെന്ന് ജയിൽ അധികൃതര്‍ അഭിപ്രായപ്പെട്ടു .
Thanks