ഭുവനേശ്വർ കുമാറിന്റെ 5 വിക്കറ്റ് പ്രകടനം; ഹൈദരാബാദിന് 5 റൺസ് ജയം

ipl hyderabad won

ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ തകർപ്പൻ ഹാഫ് സെഞ്ചുറിയും പേസ് ബോളർ ഭുവനേശ്വർ കുമാറിന്റെ 5 വിക്കറ്റ് പ്രകടനവും ഹൈദരാബാദിനെ സഹായിച്ചു. ആവേശകരമായ ഐപിഎൽ മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ അവർ തോൽപിച്ചത് 5 റൺസിന്.

സ്കോർ: ഹൈദരാബാദ്– 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 159. പഞ്ചാബ്– 19. 4 ഓവറിൽ 154നു പുറത്ത്. 54 പന്തിൽ 70 റൺസെടുത്ത് പുറത്താകാതെ നിന്ന വാർണറുടെ മികവിലാണ് ഹൈദരാബാദ് 150 കടന്നത്. എന്നാൽ ബാറ്റിങ് നിരയിൽ നിന്ന് ക്യാപ്റ്റനു നല്ലൊരു കൂട്ട് കിട്ടിയില്ല.

34 റൺസെടുത്ത നമൻ ഓജയാണ് ഹൈദരാബാദ് ബാറ്റിങിലെ രണ്ടാം സ്കോറർ. എന്നാൽ ഇതു തന്നെ ധാരാളം എന്ന രീതിയിലാണ് ഭുവിയും സഹബോളർമാരും പന്തെറിഞ്ഞത്. ഒരറ്റത്ത് തുരുതുരെ വിക്കറ്റ് വീണപ്പോഴും ഉജ്വലമായ ഇന്നിങ്സുമായി പൊരുതി നിന്ന മനൻ വോറയെയും (95) 19–ാം ഓവറിൽ യുവി പുറത്താക്കിയതോടെ വിജയം ഹൈദരാബാദിനൊപ്പമായി.

50 പന്തിൽ ഒൻപതു ഫോറും അഞ്ചു സിക്സുമടങ്ങുന്നതാണ് വോറയുടെ സൂപ്പർ ഇന്നിങ്സ്. നാല് ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങിയാണ് ഭുവനേശ്വർ അഞ്ചു വിക്കറ്റെടുത്തത്.