വീണ ജോര്‍ജിനെ വെള്ളാപ്പള്ളി നടേശന്‍ അമിത പ്രാധാന്യം നല്‍കി സ്വീകരിച്ചതിനെതിരെ പ്രതിഷേധം

vellappally Nadeshan

പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന് എസ്‌എന്‍ഡിപി കണ്‍വെന്‍ഷന്‍ വേദിയില്‍ വെള്ളാപ്പള്ളി നടേശന്‍ അമിത പ്രാധാന്യം നല്‍കി സ്വീകരിച്ചതിനെതിരെ തിരുവല്ലയില്‍ എസ്‌എന്‍ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വേദിയിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ വേണ്ടത്ര പരിഗണിക്കാതെ ജനറല്‍ സെക്രട്ടറി ഇരട്ടത്താപ്പ് കാട്ടിയെതിനെതിരെയാണ് ശരണം വിളിച്ചുള്ള പ്രതിഷേധം ഉയര്‍ന്നത്.എസ്‌എന്‍ഡിപി്ക്ക് ശരിദൂരമാണെന്നായിരുന്നു വെള്ളപ്പാള്ളിയുടെ പ്രതികരണം. മനയ്ക്കച്ചിറ എസ്‌എന്‍ഡിപി കണ്‍വെന്‍ഷനിലേക്ക് ആദ്യമെത്തിയ കെ സുരേന്ദ്രനെ വെള്ളാപ്പള്ളി നടേശന്‍ അര്‍ഹമായി പരിഗണന നല്‍കാത്തതിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പരിപാടിയുടെ അവസാന ഭാഗത്ത് വേദിയിലെത്തിയ വീണ ജോര്‍ജിനെ തലയില്‍ കൈവച്ച്‌ അനുഗ്രഹിച്ച വെള്ളാപ്പള്ളി നടേശന്‍ അമിത പ്രാധാന്യവും നല്‍കിയതോടെ ശരണം വിളിച്ച്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.ശബരിമല യുവതീ പ്രവേശനത്തില്‍ എല്‍ഡിഎഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളിക്കെതിരായ പ്രവര്‍ത്തകരുടെ അമര്‍ഷമാണ് പ്രതിഷേധത്തിലൂടെ പുറത്ത് വന്നത്. അതേസമയം, സാമുദായിക ഘടകങ്ങള്‍ വിധി നിര്‍ണയിക്കുന്ന പത്തനംതിട്ടയില്‍ ധ്രുവീകരണം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.